തിരുവനന്തപുരം: അടുത്ത മാസം നാലിന് കാലാവധി അവസാനിക്കുന്ന എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിലുള്ള 340 പേർക്കും, സർവേയർ തസ്തികയിലെ 24 പേർക്കും ഉടൻ നിയമനം ലഭിക്കും.
റവന്യൂ വകുപ്പിനു കീഴിൽ നിലവിൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനായി എൽ.ഡി ക്ലാർക്ക് ഒഴിവുകൾ ഇല്ലായിരുന്നിട്ടും ,ഉയർന്ന തസ്തികകളിൽ നിലവിലുണ്ടായിരുന്ന ഒഴിവുകളെ എൽ.ഡി. ക്ലാർക്ക് തസ്തികകളിലേക്ക് തരം താഴ്ത്തിയാണ് 340 എൽ.ഡി ക്ലാർക്കുമാരെ നിയമിക്കാനുള്ള നടപടി മന്ത്രി കെ.രാജൻ മുൻകൈയെടുത്ത് നടപ്പിലാക്കിയത്. പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി ആഗസ്റ്റ് നാലിന് തീരുന്ന സാഹചര്യത്തിലാണിത്. ഇത്തരത്തിൽ റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കുന്ന കാര്യം വിവിധ വകുപ്പുകൾ ആലോചിച്ചിരുന്നെങ്കിലും റവന്യു വകുപ്പാണ് ആദ്യം നടപ്പിലാക്കിയത്. 'മരവിപ്പിലേക്ക് നിയമനം' എന്ന വാർത്ത കേരളകൗമുദി തിങ്കളാഴ്ച പ്രസിദ്ധീകരിച്ചതോടെയാണ് നിയമന നടപടികൾക്ക് വേഗത കൈവന്നത്.
സർവേ വകുപ്പിൽ സർവേയർമാരുടേയും ഡ്രാഫ്ട്‌സ്മാൻമാരുടെയും തസ്തികകൾ ഏകീകരിച്ചാണ് നിലവിലുള്ള സർവേയർ റാങ്ക് ലിസ്റ്റിൽ നിന്ന് 24 പേർക്ക് നിയമനം നൽകുന്നത്. ഇതു സംബന്ധിച്ച ശുപാർശ പി.എസ്.സി ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ആഗസ്റ്റ് നാലു കഴിഞ്ഞാലും നിയമന ശുപാർശ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും.
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി നീട്ടില്ല.
അതേ സമയം ,അടുത്ത മാസം നാലിന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക്
നീട്ടുമെന്ന ഉദ്യോഗാർത്ഥികളുടെ അവസാന പ്രതീക്ഷയും ഇല്ലാതായി. ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിൽ കാലാവധി നീട്ടുന്ന കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായില്ല.
ബേക്കൽ റിസോർട്ട്‌സ് ഡവലപ്‌മെന്റ് കോർപ്പറേഷൻ , കേരള ടൂറിസം ഇൻഫ്രാസ്‌ട്രെക്ച്ചർ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ പി.എസ്.സി യുടെ പരിധിയിൽ കൊണ്ടുവരുന്നതിന് പി.എസ്.സി റൂൾസിൽ ഭേദഗതി വരുത്താനുള്ള തീരുമാനം മാത്രമാണുണ്ടായത്. ഇത് സംബന്ധിച്ച് കരട് ഭേദഗതി വിജ്ഞാപനം പുറപ്പെടുവിക്കാനും തീരുമാനിച്ചു.
''ഉയർന്ന തസ്തികകളിൽ നിലവിലുണ്ടായിരുന്ന ഒഴിവുകളെ എൽ.ഡി ക്ലാർക്ക് തസ്തികകളിലേക്ക് തരംതാഴ്ത്തി റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നൽകുന്നത് ചരിത്രപരമായ തീരുമാനമാണ്''
-കെ.രാജൻ,
റവന്യൂ മന്ത്രി