ഫോൺ സൈബർ സെല്ലിന് കൈമാറി
ശ്രീകാര്യം: ദുരൂഹ സാഹചര്യത്തിൽ ബിരുദ വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഓൺലൈൻ ഗെയിമിംഗ് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മാർ ഇവാനിയോസ് കോളേജിലെ മൂന്നാം വർഷ ബി.എ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിയായ ഇമ്രാനെയാണ് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. വിശദ പരിശോധനയ്ക്കായി യുവാവിന്റെ ഫോൺ സൈബർ സെല്ലിന് കൈമാറി. വീട്ടുകാരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.
സംഭവത്തിന് പിന്നിൽ ഓൺലൈൻ ഗെയിമിംഗ് ആണോ എന്ന് സൈബർ സെല്ലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു. ഇന്നലെ മറ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പിതാവിന്റെ ജന്മനാടായ കൊല്ലത്ത് സംസ്‌കരിച്ചു.
മൂന്നാംവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കെയാണ് മരണം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇമ്രാനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പിതാവ് റിയാസ് കൊല്ലം ജില്ലാ ആശുപത്രിയിലെ കാർഡിയോളജിസ്റ്റും മാതാവ് സിമി എസ്.എ.ടിയിലെ ഗൈനക്കോളജിസ്റ്റുമാണ്. സഹോദരൻ ഇംതിയാസ്.