ആണവയുദ്ധത്തെ അതിജീവിക്കാൻ ശക്തിയുള്ള പുതിയ രണ്ട് ' ഡൂംസ്ഡേ വിമാനങ്ങളുടെ " നിർമ്മാണം റഷ്യ ആരംഭിച്ചതായി റിപ്പോർട്ട്. റഷ്യൻ വ്യോമസേനയുടെ കൈവശം നിലവിൽ ആണവയുദ്ധത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള നാല് ഇല്യൂഷിൻ IL - 80 വിമാനങ്ങളുണ്ട്. 1980കളിലാണ് ' ഡൂംസ്ഡേ " വിമാനം എന്ന് വിശേഷിപ്പിക്കുന്ന ഇല്യൂഷിനുകളെ വികസിപ്പിച്ചത്. ആണവ പോരാട്ടങ്ങൾ സംഭവിച്ചാൽ റഷ്യൻ പ്രസിഡന്റിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും സൈനിക മേധാവികളെയും അവിടെ നിന്നും മാറ്റാനും സേനകൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ വിമാനത്തിനുള്ളിൽ നിന്ന് കൈമാറും അനുയോജ്യമായ തരത്തിലാണ് ഇതിന്റെ രൂപകല്പന.
ഡൂംസ്ഡേ വിമാനത്തിന്റെ പുതിയ പതിപ്പ് റഷ്യയുടെ തെക്കൻ നഗരമായ വെറോനെഷിലാണ് നിർമ്മിക്കുന്നതെന്ന് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ബോംബുകൾ, മിസൈൽ ലോഞ്ചറുകൾ തുടങ്ങി ആണവ ആയുധങ്ങളെ 6,000 കിലോമീറ്റർ ദൂരത്ത് നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയിലാണ് വിമാനം സജ്ജമാക്കുക എന്നാണ് വിവരം. ഇല്യൂഷിൻ പരമ്പരയിലെ തന്നെ IL - 96 - 400M വിമാനത്തിന്റെ മാതൃകയിലാണ് പുതിയ വിമാനങ്ങൾ നിർമ്മിക്കുന്നത്. ഡൂംസ്ഡേ വിമാനത്തെ പോലെ ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെ പറക്കാനും ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാനും പുതിയ പതിപ്പുകൾക്കും സാധിക്കും.
ഡൂംസ്ഡേ വിമാനങ്ങൾക്ക് സൈനിക എയർഫീൽഡിനെ കൂടാതെ സിവിൽ എയർഫീൽഡിൽ നിന്നും ടേക്ക് ഓഫ് ചെയ്യാനുള്ള കഴിവുണ്ട്. വളരെ ശക്തിയേറിയ എഞ്ചിനും ദിവസങ്ങളോളം വായുവിൽ തുടരാനുള്ള കഴിവും ഡൂംസ്ഡേ വിമാനങ്ങൾക്കുണ്ട്.
അതേ സമയം, ഡൂംസ്ഡേ വിമാനത്തേക്കാൾ സാങ്കേതികപരമായി കൂടുതൽ പുരോഗമനവും ഇരട്ടിവേഗതയുമുണ്ടാകും പുതിയവയ്ക്ക്. ഇല്യൂഷിൻ IL - 80 ഡൂംസ്ഡേ വിമാനത്തെ പറ്റിയുള്ള നിരവധി വിവരങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. കാരണം, അതീവരഹസ്യ സ്വഭാവമുള്ളതിനാൽ ഡൂംസ്ഡേ വിമാനങ്ങളെ സംബന്ധിച്ച നിർണായക വിവരങ്ങൾ റഷ്യൻ ഗവൺമെന്റിന്റ് പുറത്തുവിടില്ല.
സുഖോയ് ഫൈറ്റർ ജെറ്റുകളുടെ അഞ്ചാം തലമുറയിൽപ്പെട്ട പുതിയ വിമാനത്തെ റഷ്യ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഡൂംസ്ഡേ വിമാനങ്ങളുടെ വാർത്ത പുറത്തുവരുന്നത്. ' ചെക്ക്‌മേറ്റ്" എന്ന അപരനാമമുള്ള സുഖോയ് ഫൈറ്റർ ജെറ്റിന്റെ പ്രോട്ടോടൈപ്പ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പരിശോധിച്ചിരുന്നു. അമേരിക്കയുടെ ലോക്ക്ഹീഡ് മാർട്ടിൻ F - 35 യുദ്ധവിമാനങ്ങളുടെ എതിരാളിയായാണ് ചെക്ക്മേറ്റിനെ കണക്കാക്കുന്നത്. 2023ൽ ചെക്ക്മേറ്റ് ആദ്യ പറക്കൽ നടത്തുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ ആദ്യ ബാച്ച് 2026ഓടെ പുറത്തിറങ്ങും.