പഴയങ്ങാടി: കൊവിഡ് വ്യാപനത്തോടെ തകർന്നടിഞ്ഞ് ടൂറിസം മേഖല. വെള്ളക്കീൽ ഇക്കോ ടൂറിസം, പഴയങ്ങാടിയിലെ റിവർവ്യൂ പാർക്ക്, രാമപുരത്തെ വിശ്രമ കേന്ദ്രം, ഏഴോം സർവീസ് ബാങ്കിന്റെ ഏഴിലം ടൂറിസം പദ്ധതി എന്നിവയെല്ലാം പ്രവർത്തന രഹിതമാണ്. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ വെള്ളിക്കീലിൽ ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതിയും ഇന്ന് നാശത്തിന്റെ വക്കിലാണ്. പ്രകൃതിരമണീയമായ പ്രദേശമായ വെള്ളിക്കീലിൽ ടൂറിസം സാദ്ധ്യത കണ്ട മുൻ എം.എൽ.എ ജയിംസ് മാത്യു മുൻകൈ എടുത്താണ് പ്രദേശം ടൂറിസം കേന്ദ്രമാക്കി മാറ്റിയത്.
സോളാർ വിളക്കുകൾ, ഇരിപ്പിടം, കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാനുള്ള സൗകര്യം, മനോഹരമായ നടപ്പാത എന്നിവ ഒരുക്കിയാണ് പദ്ധതി ആരംഭിച്ചത്. പല പ്രദേശങ്ങളിൽ നിന്ന് ഇവിടെ ധാരാളം പേര് എത്തിയിരുന്നുവെങ്കിലും ലോക്ക്ഡൗൺ ആരംഭിച്ചതോടെ ഇവിടെ ആരും വരാതായി. സോളാർ വിളക്കുകൾ പലതും മിഴിയടച്ചതോടെ പാർക്ക് ഇരുട്ടിലായി. വിളക്കുകളുടെ ബാറ്ററി പോലും കാണാനില്ല. ഇരിപ്പിടവും ഊഞ്ഞാലും തുരുമ്പെടുത്ത് നശിക്കുകയാണ്. കാടുപിടിച്ച പ്രദേശം മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറി. ലക്ഷങ്ങൾ മുടക്കി സ്ഥാപനങ്ങൾ തുടങ്ങിയ സ്വകാര്യ വ്യക്തികളും പ്രയാസത്തിലാണ്. പാർക്ക് സംരക്ഷിക്കാൻ അധികൃതർ നടപടി എടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.