പെരിന്തൽമണ്ണ: വാഴയിൽ അപൂർവ ഇനം കുമിളിന്റെ സാനിദ്ധ്യം കണ്ടെത്തി. കേരളത്തിൽ ആദ്യമായാണ് വാഴയിൽ ഇത്തരത്തിലുള്ള കുമിൾ രോഗം കണ്ടെത്തുന്നതെന്ന് ശാസ്ത്ര വേഷകർ പറയുന്നു. മലപ്പുറം മങ്കടയിലെ പേങ്ങാട്ട് ഉണ്ണികൃഷ്ണൻ എന്ന കർഷകന്റെ കൃഷിയിടത്തിലെ പൂവൻ വാഴയിലാണ് അപൂർവമായി മാത്രം കാണപ്പെടുന്ന കുമിൾ രോഗം കണ്ടെത്തിയത്. ചിലന്തി വല പോലെ കാണപ്പെട്ട ഭാഗം പിന്നീട് വളരുന്നതും കൈകാലുകൾ പോലെ പുറത്തേക്ക് വരുന്നതും ശ്രദ്ധയിൽ പെട്ടപ്പോൾ ഉടമ കൃഷി ഓഫിസർക്ക് വാഴക്കുലയുടെ ഫോട്ടോ അയച്ചു കൊടുക്കുകയും തുടർന്ന് നടത്തിയ ശാസ്ത്രീയ നിരീക്ഷണത്തിലും പഠനത്തിലുമാണ് സ്‌ക്ലീറോഷ്യം റോൾഫ്സി എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന അപൂർവ കുമിൾ രോഗമാണെന്ന് ഇതെന്ന് കണ്ടെത്തിയത്.
ഈ രോഗം സാധരണയായി മണ്ണിലൂടെയാണ് പകരുന്നത്. ഏതാനും ചില അലങ്കാര ചെടികളിലും, പ്ലാവിന്റെ ചുവട്ടിലുമൊക്കെയാണ് സാധാരണയായി പൊതുവെ കാണപ്പെടാറുള്ളതെങ്കിലും വാഴക്കുലയിൽ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. നിലവിൽ മറ്റു വാഴകളിലേക്ക് പകരാതിരിക്കാൻ കോപ്പർ ഓക്സ്സി ക്ലോറൈഡ് /കോപ്പർ ഹൈഡ്രോക്‌സൈഡ് വെള്ളത്തിൽ ലയിപ്പിച്ചു ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നതും, കുമ്മായം ഇടുന്നതും ഫലപ്രദമാണെന്ന് കൃഷി വിദഗ്ദർ പറഞ്ഞു. കൃഷി ഓഫിസർമാരായ സമീർ മാമ്പ്രത്തൊടി (മങ്കട), അഞ്ജലി (പൂക്കോട്ടൂർ) എന്നിവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കാർഷിക സർവകലാശാല പ്രൊഫസർമാരായ സാലി മാത്യു ( രോഗശാസ്ത്ര വിഭാഗം), ബെറിൻ പത്രോസ് (കീട ശാസ്ത്ര വിഭാഗം), രശ്മി വിജരാഘവൻ(രോഗ ശാസ്ത്ര വിഭാഗം) എന്നിവരോടൊപ്പം കെ.പി. സുരേഷ് (അസിസ്റ്റന്റ് ഡയറക്ടർ എഫ്.ക്യു.സി.എൽ പട്ടാമ്പി) ഉൾപ്പെടുന്ന വിദഗ്ദ്ധരുടെ ടീമാണ് കുമിളിന്റെ സാന്നിദ്ധ്യമാണെന്ന് സ്ഥിരീകരിച്ചത്.