പാലോട്: ലോക്ക് ഡൗൺ കാലം എങ്ങനെ ഫലപ്രദമാക്കാം എന്ന ചിന്ത ആകാശ് എന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ എത്തിച്ചത് പൂന്തോട്ട നിർമ്മാണവും, മുളങ്കമ്പും ഉപയോഗശൂന്യമായ പി.വി.സി പൈപ്പും, പ്ലാസ്റ്റിക് കുപ്പികളും, ഫാബ്രിക് പെയിന്റും ഉപയോഗിച്ച് നിർമ്മിക്കുന്ന വിവിധ ഉത്പന്ന നിർമ്മാണത്തിലും ചിത്ര രചനയിലുമാണ്.
ചെറിയ കളിപ്പാട്ടങ്ങൾ സ്വയം നിർമ്മിച്ചിരുന്ന ആകാശ് കൊവിഡ് കാലം പുതിയ പരീക്ഷണങ്ങൾക്കായി മാറ്റിവച്ചു. വയലേലകളിൽ കാണുന്ന വിവിധയിനം ചേമ്പുകളും സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവിധയിനം ചെടികളും കൊണ്ട് സമ്പുഷ്ടമാണ് വീടിന്റെ പരിസരം. രക്ഷാകർത്താക്കളുടെ സഹായത്തോടെ തന്നെ ചെറിയ ഒരു പച്ചക്കറിത്തോട്ടവും ആകാശ് ഒരുക്കിയിട്ടുണ്ട്. മുളങ്കമ്പ്, പി.വി.സി പൈപ്പ്, ചിരട്ട എന്നിവ ഉപയോഗിച്ച് ആകാശ് ചെയ്ത ട്രൈപോഡ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
ഫാബ്രിക് പെയിന്റ് ഉപയോഗിച്ചാണ് ചിത്രരചന. ഉപയോഗശൂന്യമായ എന്ത് കിട്ടിയാലും വിസ്മയം തുളുമ്പുന്ന ചിത്രമാക്കാനോ, ശില്പമാക്കാനോ ആകാശിന് ഒരു മണിക്കൂർ മതി. പച്ച പാലുവള്ളി ചൂരാഴി തലയ്ക്കൽ സന്തോഷിന്റെയും രാജിയുടെയും രണ്ടു മക്കളിൽ മൂത്ത മകനാണ് ആകാശ്. വിതുര ഗവ. ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. അനുജത്തി മേഘ ജ്യേഷ്ഠന് സഹായമായി കൂടെയുണ്ട്.