photo1

പാലോട്: പാലോട് വാട്ടർ അതോറിട്ടി പമ്പ് ഹൗസിന് സമീപമുള്ള നദി തീരം ഇടിയുന്നതിനാൽ സമീപ പ്രദേശത്തുള്ള സ്വകാര്യ വസ്തുക്കൾ ഇടിഞ്ഞ് ആറ്റിലേക്ക് പതിക്കുന്നതായി പരാതി. ആറിന്റെ ഒരു സൈഡിന്റെ കുറച്ച് ഭാഗം കരിങ്കൽ ഭിത്തി കൊണ്ട് നിർമ്മിച്ചിട്ടുണ്ട്. സമീപ വസ്തു ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ മഴക്കാലവും സമ്മാനിക്കുന്നത്. സമീപത്തുള്ള ഏകദേശം പതിനഞ്ച് സെന്റ് വസ്തുവാണ് ആറ്റിലേക്ക് ഇടിഞ്ഞ് വീണ് നശിച്ചത്.

പുരയിടം ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന സ്ഥലത്ത് ആറ്റിലായി കൂറ്റൻ മരം കടപുഴകി വീണ് കിടന്നിട്ട് വർഷങ്ങളായെങ്കിലും അധികാരികളുടെ ഭാഗത്തു നിന്ന് നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കുടിവെള്ളത്തിനു വേണ്ടിയും വൈദ്യുതി ഉത്പാദനത്തിനു വേണ്ടിയും വെള്ളം കെട്ടി നിറുത്തിയിട്ടുള്ള പ്രദേശമായതിനാൽ മഴക്കാലമാകുമ്പോൾ ഇനിയും മണ്ണിടിയാനുള്ള സാദ്ധ്യതയുണ്ട് .അതുകൊണ്ടു തന്നെ അധികാരികൾ നിലവിലുള്ള കൽക്കെട്ടിന് തുടർച്ചയായി സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.