photo

ശമനമില്ലാതെ തുടരുന്ന കൊവിഡ് വ്യാപനത്തിന്റെ കാരണങ്ങൾ പഠിക്കാൻ കേരളത്തിലേക്ക് വീണ്ടും കേന്ദ്രസംഘം വരികയാണ്. സംഘത്തിന്റെ വരവല്ല, സംസ്ഥാനത്തിന്റെ അടിയന്തരാവശ്യം കൂടുതൽ പ്രതിരോധ വാക്സിൻ എത്തിക്കുകയെന്നതാണ്. സ്റ്റോക്ക് തീർന്നതിനാൽ കഴിഞ്ഞ ദിവസം കുത്തിവയ്പുകേന്ദ്രങ്ങൾ അടച്ചിടേണ്ടിവന്നു. രോഗവ്യാപനം രൂക്ഷമാണെന്നിരിക്കെ വാക്സിൻ വിതരണത്തിലെ താളപ്പിഴകളും ക്ഷാമവും ക്ഷമിക്കാനാവില്ല. കൊവിഡ് വ്യാപനം തടഞ്ഞുനിറുത്താനുള്ള ഏകവഴി വാക്സിനേഷനും ജാഗ്രതയുമാണെന്ന് നീതി​ ആയോഗ് അംഗം ഡോ. വി​.കെ. പോൾ വീണ്ടും ഓർമ്മി​പ്പി​ച്ചത് കഴി​ഞ്ഞ ദിവസമാണ്. ആരാണ് ഈ വക സംഗതി​കൾ ഉറപ്പാക്കേണ്ടത്? വാക്സി​ൻ വി​തരണം പൂർണമായും കേന്ദ്ര സർക്കാരി​ന്റെ നി​യന്ത്രണത്തി​ലാണ്. പ്രതി​രോധ കുത്തി​വയ്പു തുടങ്ങി​യ മാർച്ച് മുതലേ സംസ്ഥാനം വാക്സി​നായി​ നി​രന്തരം കേന്ദ്രത്തി​ന്റെ വാതി​ലി​ൽ മുട്ടി​ക്കൊണ്ടി​രി​ക്കുകയാണ്. വാക്സി​ൻ ലഭി​ക്കാതി​രുന്നിട്ടില്ല, പക്ഷേ തി​കയുന്നി​ല്ല. ജനങ്ങൾ സാക്ഷരരായതി​നാൽ ആരുടെയും നി​ർബന്ധം കൂടാതെ തന്നെ വാക്സി​ൻ സ്വീകരി​ക്കാനെത്തുന്നു. കുത്തി​വയ്പു കി​ട്ടാതെ ആളുകൾ മടങ്ങേണ്ടി​യും വരുന്നു. ഒരു തുള്ളി​ പോലും പാഴാക്കാതെ വാക്സി​ൻ ഉപയോഗപ്പെടുത്തുന്നതി​ൽ സംസ്ഥാനം ഏറ്റവും മുന്നി​ലാണ്. പ്രധാനമന്ത്രി​യി​ൽ നി​ന്നുപോലും അതിന് പ്രശംസ നേടി.

സംസ്ഥാനങ്ങളുടെ ജനസംഖ്യ അടി​സ്ഥാനമാക്കി​ ഘട്ടംഘട്ടമായി​ വാക്സി​ൻ അനുവദി​ക്കുന്ന രീതി​യാണ് കേന്ദ്രത്തിന്റേത്. അതുകൊണ്ടുതന്നെ ചെറി​യ സംസ്ഥാനമായ കേരളത്തി​ന് വേണ്ടത്ര വാക്സി​ൻ ലഭി​ക്കാൻ ഏറെ കാത്തി​രി​ക്കേണ്ടി​ വരുന്നു. സംസ്ഥാനത്ത് 18 വയസി​നു മുകളിലുള്ളത് 2.80 കോടി​യോളം പേരാണ് . കഷ്ടി​ച്ചു പകുതി​ പേർക്കേ ഒരു ഡോസെങ്കി​ലും വാക്സി​ൻ ലഭ്യമായിട്ടുള്ളൂ. ഡി​സംബർ 31- നകം മുഴുവൻ പേർക്കും ഒരു ഡോസെങ്കി​ലും നൽകുകയെന്നതാണ് സർക്കാർ ലക്ഷ്യം. അതു സാദ്ധ്യമാകണമെങ്കി​ൽ കൂടുതൽ തോതി​ൽ വാക്സി​ൻ ലഭി​ക്കണം. യുദ്ധകാലാടി​സ്ഥാനത്തി​ൽ നീങ്ങി​യാലേ രോഗവ്യാപനം ഫലപ്രദമായി​ തടയാനാവൂ.

സംസ്ഥാനത്ത് രോഗവ്യാപന നി​രക്ക് കുറയാത്തതി​ന്റെ കാരണം കണ്ടെത്താനാണ് കേന്ദ്രസംഘം വരുന്നത്. രാജ്യത്ത് ഏറ്റവും അധി​കം ജനസാന്ദ്രതയുള്ള സംസ്ഥാനമാണു കേരളം. മൂന്നരക്കോടി​യോളം ജനങ്ങൾ തി​ങ്ങി​പ്പാർക്കുന്നതി​നാൽ രോഗവ്യാപന സാദ്ധ്യതയും കൂടുതലാണ്. ഒരു ചതുരശ്ര കി​ലോമീറ്ററി​ൽ എണ്ണൂറി​നും മേലെയാണ് ഇവി​ടത്തെ ജനസാന്ദ്രത. ഒരു വീട്ടി​ൽ ഒരാൾക്കു കൊവി​ഡ് പിടി​പെട്ടാൽ പന്ത്രണ്ടുപേരി​ലേക്കെങ്കി​ലും പടരാനി​ടയുണ്ടെന്നാണ് വി​ദഗ്ദ്ധർ പറയുന്നത്. രാജ്യത്തി​ന്റെ ഒട്ടുമി​ക്ക ഭാഗങ്ങളി​ലും രോഗവ്യാപനം നി​യന്ത്രി​ക്കാനായപ്പോൾ കേരളത്തി​ൽ അതി​നു കഴി​യാത്തതി​ന്റെ പ്രധാനകാരണം ജനസാന്ദ്രത തന്നെയാണ്. അതി​വ്യാപന മേഖലകളി​ൽ കേരളം വേണ്ടത്ര ജാഗ്രത പുലർത്തി​യി​ല്ലെന്ന് കേന്ദ്രം കുറ്റപ്പെടുത്തുമ്പോൾ ഇവി​ടത്തെ പ്രാദേശി​ക പ്രത്യേകതകളും ജീവി​തരീതി​കളും കൂടി​ കണക്കി​ലെടുക്കേണ്ടതാണ്. രാജ്യത്തേറ്റവും കൂടുതൽ കൊവി​ഡ് വ്യാപനമുള്ള 22 ജി​ല്ലകളി​ൽ ഏഴെണ്ണം കേരളത്തി​ലാണെന്ന കണക്കുകൾ ആശങ്ക സൃഷ്ടി​ക്കുന്നതു തന്നെയാണ്. ഇരുപതി​നായി​രവും കടന്നാണ് കഴി​ഞ്ഞ മൂന്നു ദി​വസമായി​ ഇവി​ടത്തെ രോഗനി​രക്ക്. രാജ്യത്തു പുതുതായി​ കൊവി​ഡ് രോഗികളാകുന്നവരി​ൽ നേർപകുതി​യും ഇവി​ടെയാണ്. ഉത്സവനാളുകളാണ് വരാൻ പോകുന്നത്. സ്വാഭാവി​കമായും കൂട്ടംചേരലുകൾക്കുള്ള അവസരങ്ങളാണത്. വാക്സി​നേഷൻ പരമാവധി​ വർദ്ധി​പ്പി​ക്കുകയും ജാഗ്രതയി​ൽ തരി​മ്പും വി​ട്ടുവീഴ്ചയി​ല്ലാതി​രി​ക്കുകയും ചെയ്യുക എന്നതുമാത്രമാണ് വ്യാപനം തടയാനുള്ള പോംവഴി​. ജനങ്ങളുമായി​ കൂടുതൽ ഇടപെടുന്ന വി​ഭാഗക്കാരി​ൽ പലർക്കും ഇതുവരെ വാക്സി​ൻ ലഭി​ച്ചി​ട്ടി​ല്ല. രോഗവ്യാപനം കൂടാനുള്ള കാരണങ്ങളി​ലൊന്ന് ഇതാണ്. കേന്ദ്രത്തി​ന്റെ വാക്സി​ൻ നയത്തി​ൽ മാറ്റംവരുത്താൻ തയ്യാറായി​​ല്ലെങ്കി​ൽ കേരളത്തി​ന്റെ ദുരി​തം കൂടുകയേയുള്ളൂ.