തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് എ.ബി.വി.പി പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. ബാരിക്കേഡ് തകർത്ത് അകത്തേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.

ജലപീരങ്കി പ്രയോഗിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവർത്തകനെ റോഡിന് കുറുകെ കിടത്തി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പിന്നീട് ആംബുലൻസിൽ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിനൊടുവിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റുചെയ്‌ത് നീക്കുകയായിരുന്നു. പരിക്കേറ്റ സംസ്ഥാന സെക്രട്ടറി എം.എം. ഷാജി ഉൾപ്പെടെയുള്ളവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ചെവിക്ക് ഗുരുതരമായി പരിക്കേറ്റ എ.ബി.വി.പി വട്ടിയൂർക്കാവ് നഗർ സെക്രട്ടറി കിരണിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.