തിരുവനന്തപുരം: പട്ടയഭൂമിയിലെ മരം മുറിക്കുന്നത് സംബന്ധിച്ച് 2020 മാർച്ച് 11ന് റവന്യു വകുപ്പ് പുറപ്പെടുവിച്ച സർക്കുലറും 2020 ഒക്ടോബർ 24ലെ ഉത്തരവും നിയമവകുപ്പിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നില്ലെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. അവ്യക്തത ചൂണ്ടിക്കാട്ടി സർക്കുലർ റദ്ദാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടപ്പോഴാണ് 2005ലെ വൃക്ഷം നട്ടുപിടിപ്പിക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഉത്തരവിറക്കിയത്.
എന്നാൽ വിവാദമായതോടെ ഈ ഉത്തരവ് റദ്ദാക്കുന്നതിന് മുൻപ് നിയമവകുപ്പിനോട് ഉപദേശം തേടിയിരുന്നു. 1964ലെ ചട്ടത്തിൽ ഭേദഗതി വരുത്താതെ ഇറക്കിയ ഉത്തരവ് നിലനിൽക്കുന്നതല്ലെന്ന് നിയമവകുപ്പ് ഉപദേശം നൽകി. ഇതേത്തുടർന്നാണ് ഉത്തരവ് റദ്ദാക്കിയത്.
ഒരോ വകുപ്പും തങ്ങളുടെ ചട്ടവും നിയമവുമനുസരിച്ചാണ് ഉത്തരവുകൾ ഇറക്കുക. ഇങ്ങനെ ഉത്തരവുകൾ ഇറക്കുന്നതിന് മുൻപ് നിയമവകുപ്പിന്റെ ഉപദേശം തേടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
വൈൻ യൂണിറ്റുകൾക്ക് അനുമതിയില്ല: മന്ത്രി രാജീവ്
തിരുവനന്തപുരം: വൈൻ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കാൻ വ്യവസായ വകുപ്പ് അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു. വ്യവസായവകുപ്പിന്റെ സംരംഭക പദ്ധതി പ്രകാരം കാർഷികാധിഷ്ഠിത ഭക്ഷ്യോത്പന്ന നിർമ്മാണയൂണിറ്റുകളെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടനാട്ടിൽ നെൽകർഷകരുടെ ഉന്നമനത്തിനായി റൈസ് ടെക്നോളജി പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ കിൻഫ്രയിൽ തുടങ്ങി.
സേവന മേഖലയിലെ ചെറുകിട യൂണിറ്റുകൾക്ക് കൂടി മാർജിൻ മണി ഗ്രാന്റ് പദ്ധതിയിലൂടെ സഹായം ലഭ്യമാക്കും. വായ്പാ അധിഷ്ഠിത പദ്ധതികൾക്ക് മാർജിൻ മണി നൽകി അർഹരായ സംരംഭകർക്ക് സംസ്ഥാനത്ത് ചെറുസംരംഭങ്ങൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പി.പി. ചിത്തരജ്ഞൻ, കെ.കെ. ശൈലജ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, എം. രാജഗോപാലൻ എന്നിവരുടെ ചോദ്യങ്ങൾക്കാണ് മന്ത്രി മറുപടി പറഞ്ഞത്.