തിരുവനന്തപുരം: കൊവിഡ് ആഘാതത്തിൽ നിന്ന് സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താൻ പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയുമുൾപ്പെടുത്തി സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി ആവിഷ്കരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. പലിശയുടെ ഒരു ഭാഗം സംസ്ഥാന സർക്കാർ വഹിക്കും.
നബാർഡിന്റെ പുനർവായ്‌പാ സ്‌കീമും കേന്ദ്രസർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ചിട്ടുള്ള വായ്‌പാ പാക്കേജുകളും ഉപയോഗപ്പെടുത്തും. കാർഷിക മേഖലയുടെ വികസനത്തിനും തൊഴിൽ സംരംഭകർക്ക് കാർഷിക - വ്യാവസായിക - സേവന മേഖലകളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് വായ്പ അനുവദിക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുക. ഈ പദ്ധതികളുടെയെല്ലാം വായ്പ ഇളവ് വഹിക്കുന്നതിനായി 100 കോടി ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബാങ്കുകളുടെ കൗൺസിൽ രൂപീകരിക്കും: മന്ത്രി ബാലഗോപാൽ
സംസ്ഥാനത്തുനിന്ന് വാണിജ്യ ബാങ്കുകൾ കൂടുതൽ നിക്ഷേപം നേടുകയും കുറഞ്ഞ വായ്പ നൽകുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാൻ ബാങ്കുകളുടെ കൗൺസിൽ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. പ്രവാസി, തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഗണിച്ച് സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. 4.25 ലക്ഷം കോടിയുടെ പെട്രോളിയം സെസ് ഇനത്തിൽ കേന്ദ്ര സർക്കാർ നേടുമ്പോൾ സംസ്ഥാനങ്ങൾക്ക് വളരെ കുറഞ്ഞ തുകയാണ് നൽകുന്നത്. പെട്രോളിയം കമ്പനികളുടെ ലാഭം നാല് മടങ്ങായി വർദ്ധിച്ചു. മടങ്ങിവന്ന 14 ലക്ഷം പ്രവാസികളിൽ 10 ലക്ഷം പേർക്കും തിരികെപ്പോകാനായിട്ടില്ല. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്ത് കനത്ത ആഘാതമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.