തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ വിചാരണ നേരിടേണ്ടിവരുന്ന മന്ത്രി വി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം. കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്‌തതിന് പിന്നാലെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാതിരുന്ന പ്രവർത്തകരെ പൊലീസ് വിരട്ടിയോടിച്ചു. തുടർന്ന് എം.ജി റോഡിൽ ഫൈൻ ആർട്സ് കോളേജിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. ഇതിനിടെയെത്തിയ സബ് കളക്ടറുടെ വാഹനം പ്രവർത്തകർ തടഞ്ഞു. ഒടുവിൽ പൊലീസ് ഇടപെട്ടാണ് വാഹനം കടത്തിവിട്ടത്.
ഗതാഗതതടസം സൃഷ്ടിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പൊലീസ് വാഹനത്തിനു മുകളിൽ കയറി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. മന്ത്രി ശിവൻകുട്ടിയെ മുഖ്യമന്ത്രി ന്യായീകരിക്കാൻ ശ്രമിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. മന്ത്രിയെ ന്യായീകരിക്കാൻ മുഖ്യമന്ത്രി യു.പിയെയും മറ്റ് സംസ്ഥാനങ്ങളിലെയും സംഭവങ്ങളാണ് ഉയർത്തിക്കാട്ടുന്നത്. യു.പിയും മദ്ധ്യപ്രദേശും പോലെയാണോ കേരളമെന്ന് പിണറായി മനസിലാക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്‌തു. കേരളത്തിന്റെ ഉദാത്തമായ നിയമപാരമ്പര്യവും ധാർമികതയും അനുസരിച്ച് ജനാധിപത്യത്തിന്റെ കീഴ്‌വഴക്കങ്ങൾ അനുസരിച്ച് മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്ന് സതീശൻ പറഞ്ഞു. എന്നാൽ ദൗർഭാഗ്യവശാൽ മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ വന്ന് സുപ്രീംകോടതി വിധിക്കെതിരായ പ്രസംഗമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, ടി. സിദ്ധിഖ്, എം.വിൻസെന്റ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, വി.പി. അബ്ദുൽ റഷീദ്, ജഷീർ പള്ളിവയൽ, റിങ്കു, നബീൽ കല്ലമ്പലം, ജോബി.സി. ജോയ്, ബാഹുൽ കൃഷ്ണ, ആദർശ് ഭാർഗവൻ, എറിക്ക് സ്റ്റീഫൻ, അലോഷ്യസ് സേവിയർ, നിതിൻ. എ.പുതിയിടം, മിഥുൻ മോഹൻ എന്നിവർ പങ്കെടുത്തു.