vld-1

വെള്ളറട: കൊടുംവളവിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കൂതാളി അമ്പൂരി റോഡിൽ കാക്കതൂക്കും നിരപ്പിനും ഇടയിലുള്ള വളവിലാണ് ഇന്നലെ ഉച്ചയോടുകൂടി മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് മുപ്പത് അടിയിലേറെ താഴ്ചയുള്ള കുഴിയിലേക്ക് വീടിന് മകുളിലൂടെ മറിഞ്ഞത്. വീടിനും കേടുപാടുകൾ പറ്റി. വീടിന്റെ ചുമരിനും കല്ലുകെട്ടിനിടയിലും കാർ കുരുങ്ങുകയായിരുന്നു. നാട്ടുകാർ കമ്പിപ്പാര ഉപയോഗിച്ച് കാറിന്റെ ഡോർ പൊളിച്ചാണ് കാർയാത്രികരെ പുറത്തെടുത്തത്. ചെമ്പകപ്പാറ മഠത്തിൽ വീട്ടിൽ സേവ്യറിന്റെ ഭാര്യ ചിന്നമ്മ (71)​,​ ഇവരുടെ അയൽവാസി മുള്ളൻവിള വീട്ടിൽ ഗീതു (35)​ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്രവരെ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പ്രാഥമിക ശിശ്രൂഷകൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസാദ്ധ്യത ഏറെയുള്ള ഈ വളവിൽ സൈഡ് വാളുകളോ,​ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. കൊടുംവളവിനു പുറമെ കുത്തനെയുള്ള കയറ്റവും അപകടത്തിന് കാരണമാകുന്നു. തീരെ വീതി കുറഞ്ഞ ഭാഗമാണ് ഇവിടം. സംഭവമറിഞ്ഞ് വെള്ളറട പൊലീസും പാറശാല നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.