കല്ലമ്പലം: നിർദ്ധനനായ തയ്യൽക്കാരന് ഇരട്ടി മധുരം സമ്മാനിച്ച് ഇരട്ടമക്കൾ. പ്ലസ് ടു പരീക്ഷയിൽ ബയോളജി സയൻസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയാണ് ഇരട്ടകൾ അച്ഛന് മധുരം സമ്മാനിച്ചത്. നാവായിക്കുളം കുടവൂർ വള്ളിച്ചിറ തിരുവാതിരയിൽ ശിവപ്രസാദിന്റെയും (കുട്ടൻ) ലിസയുടെയും ഇരട്ട മക്കളായ അരുണും, ആതിരയുമാണ് ഫുൾ എ പ്ലസ് നേടി നാട്ടുകാരുടെയും വീട്ടുകാരുടെയും അനുമോദനത്തിന് പാത്രമായത്.
നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. കുട്ടന് തയ്യലിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് മക്കളുടെ പഠനവും കുട്ടന്റെ അമ്മയുടെ ചികിത്സാചെലവും കഴിഞ്ഞുപോകുന്നത്. അച്ഛന്റെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് ഒരാവശ്യങ്ങളും പറയാതെ പുസ്തകങ്ങൾ പഴയത് കരസ്ഥമാക്കിയും കൂട്ടുകാരിൽ നിന്ന് വാങ്ങിയുമാണ് പഠിച്ച് തിളക്കമാർന്ന വിജയം കൈവരിച്ചത്. എസ്.എസ്.എൽ.സി പരീക്ഷയിലും ഇരുവരും ഫുൾ എ പ്ലസ് വാങ്ങിയിരുന്നു.