പി.എസ്.സി നിലപാട് തളളി
തിരുവനന്തപുരം : ആഗസ്റ്റ് നാലിന് കാലാവധി അവസാനിക്കുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റസ് റാങ്ക് ലിസ്റ്റ് സെപ്തംബർ 29 വരെ നീട്ടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യൂണൽ ഉത്തരവായി. കാലാവധി നീട്ടേണ്ടതില്ലെന്ന പി.എസ്.സി നിലപാട് തളളിയാണ് ട്രെെബ്യൂണൽ ജുഡീഷ്യൽ മെമ്പർ ബി. രാജേന്ദ്രന്റെ ഉത്തരവ് .
കേരളത്തിലെ 14 ജില്ലകളെയും പ്രതിനിധീകരിച്ച് 14 പേരാണ് ഹർജി നൽകിയത്. കഴിഞ്ഞ ഫെബ്രുവരി മൂന്നിന് കാലാവധി തീരേണ്ട റാങ്ക് ലിസ്റ്റ് പി.എസ്.സി ആഗസ്റ്റ് നാല് വരെ നീട്ടിയിരുന്നു.
പ്രതീക്ഷയർപ്പിച്ച് ഉദ്യോഗാർത്ഥികൾ
ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റിന്റെ കാലാവധി 55 ദിവസം കൂടി നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവായതോടെ, കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുമെന്ന പ്രതീക്ഷയേറുന്നു.
നിലവിലെ വേഗതയിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ ലിസ്റ്റിലെ പകുതിയോളം ഉദ്യോഗാർത്ഥികൾക്കും നിയമനം ലഭിച്ചേക്കും. നിയമവശം പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പി.എസ്.സി പറയുന്നു . അതേസമയം,വനിതാ കോൺസ്റ്റബിൾ ലിസ്റ്റ് നീട്ടണമെന്ന അപേക്ഷ ഇന്ന് ട്രൈബ്യൂണൽ പരിഗണിക്കും.
ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് ലിസ്റ്റിൽ 14 ജില്ലകളിലായി 46,285 പേരാണുള്ളത്. ഇതിൽ 6,984 പേരെയാണ് ഇതുവരെ നിയമനശുപാർശ ചെയ്തത്. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 11,455 പേർക്ക് നിയമന ശുപാർശ ലഭിച്ച സ്ഥാനത്താണിത്. 486 ഒഴിവുകളാണ് ഇനിയുള്ളതെന്ന് കഴിഞ്ഞദിവസം പി.എസ്.സി അറിയിച്ചിരുന്നു. ഫെബ്രുവരി 5ന് ശേഷം 1,109 പേരെ ശുപാർശ ചെയ്തിരുന്നു. സംസ്ഥാനതല ലിസ്റ്റായ വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ 702 പേരെയാണ് നിയമനശുപാർശ ചെയ്തത്. റാങ്ക് ലിസ്റ്റ് ദീർഘിപ്പിച്ച കാലയളവിൽ ഇതുവരെ 206 പേരെ ശുപാർശ ചെയ്തു.