നെടുമങ്ങാട്‌: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യമൊരുക്കി മണ്ഡലം സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക്. ഇന്ന് വൈകിട്ട് 4 ന് കന്യാകുളങ്ങര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ജി.ആ.ർ അനിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം നടത്തും. നെടുമങ്ങാട്‌ എം.എൽ.എയും മന്ത്രി കൂടിയായ അഡ്വ. ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, സർക്കാർ സംവിധാനങ്ങൾ തുടങ്ങി ജനതയാകെ ഒറ്റക്കെട്ടായി നടത്തിയ മാതൃകപരമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം മണ്ഡലത്തിന് കൈവരിക്കാൻ സാധിച്ചത്.

കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ ഡി.കെ. മുരളി എം.എൽ.എ, ജില്ലാ കളക്ടർ നവജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിക്കും.