sandeep

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അറസ്റ്റ് കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് സംഘം പൂജപ്പുര ജയിലിലെത്തി രേഖപ്പെടുത്തി. കേസിൽ ആറാം പ്രതിയാണ് സന്ദീപ് നായർ. സന്ദീപിനെ അറസ്​റ്റുചെയ്ത് ചോദ്യംചെയ്യാൻ എറണാകുളം അഡി. സി.ജെ.എം കോടതി കസ്റ്റംസിന് അനുമതി നൽകിയിരുന്നു. യു.എ.ഇ കോൺസുലേ​റ്റിലെ മുൻ ധനകാര്യവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്റി വിദേശത്തേക്ക് 1.30 കോടി രൂപയുടെ ഡോളർ കടത്തിയ കേസിൽ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരെ നേരത്തേ കസ്​റ്റംസ് അറസ്​റ്റുചെയ്തിരുന്നു. ഇവരുടെ മൊഴിയിൽ നിന്നാണ് ഡോളർകടത്തിന്റെ വിവരം ലഭിച്ചത്. യുണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പനെയും ചോദ്യം ചെയ്തിരുന്നു. കൂടുതൽ കരാറുകൾ ലഭിക്കാനായി വൻതുക കമ്മിഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തി. തുക ഡോളറാക്കിമാ​റ്റി വിദേശത്തേക്ക് കടത്തിയതിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും സ്വപ്ന, സരിത്ത് എന്നിവർക്കൊപ്പം സന്ദീപ് നായർക്കും ഇതിൽ പങ്കുണ്ടെന്നും വ്യക്തമാക്കിയിരുന്നു. സന്ദീപ് നായർ കോഫെപോസ നിയമപ്രകാരം കരുതൽത്തടങ്കലിലായതിനാലാണ് കോടതി അനുമതിയോടെ ജയിലിലെത്തി അറസ്​റ്റ് രേഖപ്പെടുത്തിയത്.