inl

 തമ്മിലടിക്കാതെ തർക്കം പരിഹരിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ഐ.എൻ.എല്ലിലെ പിളർപ്പിന് പിന്നാലെ ഇന്നലെ തലസ്ഥാനത്തെത്തിയ മുൻ പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗം നേതാക്കൾ, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവനെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കണ്ട് ചർച്ച നടത്തി. ഐ.എൻ.എല്ലിനോടുള്ള സമീപനം സംബന്ധിച്ച് ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്തേക്കും.

മുന്നണിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ തമ്മിലടിക്കരുതെന്നും, തർക്കം പരിഹരിച്ച് ഇരുവിഭാഗങ്ങളും ഒരുമിച്ച് നീങ്ങണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു. ആദ്യം എ.കെ.ജി സെന്ററിലെത്തി വിജയരാഘവനെ കണ്ട ശേഷമാണ് എം.എൻ സ്മാരകത്തിലെത്തി കാനത്തെ കണ്ടത്. വഹാബിന് പുറമേ, സി.പി. നാസർകോയ, ഒ.പി. കോയ, എൻ.കെ. അബ്ദുൾ അസീസ് എന്നിവരുമുണ്ടായിരുന്നു. തമ്മിലടിച്ച് മുന്നണിക്ക് നാണക്കേടുണ്ടാക്കരുതെന്ന് കാനവും പറഞ്ഞു..

ഐ.എൻ.എൽ പരസ്യമായി തമ്മിലടിച്ച് പിളർന്നതിൽ ഇടതുമുന്നണി നേതൃത്വത്തിനുള്ള അതൃപ്തിയാണ് നേതാക്കൾ പ്രകടമാക്കിയത്. ഐ.എൻ.എൽ വിഷയം സി.പി.എം ചർച്ച ചെയ്ത ശേഷം നിലപാടറിയിക്കാമെന്ന് എ. വിജയരാഘവൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.. . ഇക്കാര്യത്തിൽ വിശദമായ ചർച്ചകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നപരിഹാരത്തിനുള്ള സാദ്ധ്യതകൾ ഇപ്പോഴും തുറന്നു കിടക്കുകയാണെന്ന് അബ്ദുൾ വഹാബ് പറഞ്ഞു. പാർട്ടിയിലെ പ്രശ്നങ്ങൾ വ്യക്തിപരമല്ല. . പ്രവർത്തകർ കൂടുതലും തങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായും വഹാബ് ചർച്ച നടത്തും. . ഐ.എൻ.എല്ലിൽ നിലവിലെ ഔദ്യോഗികപക്ഷമായ കാസിം ഇരിക്കൂർ വിഭാഗം നേതാക്കൾ രണ്ട് ദിവസത്തിനകം തലസ്ഥാനത്തെത്തി സി.പി.എം, സി.പി.ഐ നേതാക്കളുമായി ചർച്ച നടത്തിയേക്കും.