shafi-

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെയും നിയമസഭാകക്ഷിയിലെയും നേതൃമാറ്റത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിലും നേതൃമാറ്റ ആവശ്യം ഉയർന്നു. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന വിശാല ഐ വിഭാഗക്കാർ ഇന്നലെ സംസ്ഥാനകമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ രൂക്ഷമായി വിമർശിച്ചു. ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെയും വിമർശനമുയർന്നു. ഷാഫിയെ വിമർശിച്ചിട്ടും അദ്ദേഹം ഉൾപ്പെടുന്ന എ വിഭാഗം മൗനം പാലിച്ചതും ശ്രദ്ധേയമായി. നിയമസഭാ കക്ഷിയിലെയും കെ.പി.സി.സിയിലെയും നേതൃമാറ്റങ്ങൾ അംഗീകരിക്കുന്നെങ്കിലും അത് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പോലുള്ള മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് വേണമായിരുന്നു എന്ന് എ വിഭാഗം വിമർശിച്ചു.

ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ചിലർ കുറ്റപ്പെടുത്തി. സ്വന്തക്കാർക്ക് സംഘടനയിൽ അനർഹമായ സ്ഥാനക്കയറ്റം നൽകി സീറ്റുകൾ തരപ്പെടുത്തിയതിനാലാണ് മത്സരിച്ച 12 യൂത്ത് നേതാക്കളിൽ 11 പേരും പരാജയപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഷാഫി രാജി വയ്ക്കണം. സംഘടനയുടെ വൈസ് പ്രസിഡന്റിന്റെ പരാജയവും പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാത്തതിനാലാണ്. സംഘടനാ തിരഞ്ഞെടുപ്പ് വഴി വന്ന കമ്മിറ്റിയെ നോക്കുകുത്തിയാക്കി ജംബോ കമ്മിറ്റിക്കെതിരെ പറയുന്ന പ്രസിഡന്റ് സംഘടനാഭാരവാഹിത്വം സ്വന്തമായി നൽകിയത് 79 പേർക്കാണ്. സംസ്ഥാന നേതാക്കൾ വിളിച്ചാലും ഫോണെടുക്കാത്ത പ്രസിഡന്റായി ഷാഫി. അതിനാൽ യൂത്ത് കോൺഗ്രസിന് മുഴുവൻ സമയ പ്രസിഡന്റ് വേണമെന്നും ചിലർ വാദിച്ചു.

മുൻ പ്രതിപക്ഷനേതാവിനെയും മുൻ കെ.പി.സി.സി പ്രസിഡന്റിനെയും നീക്കാൻ ചരടുവലിച്ചെന്ന ആരോപണവും ഷാഫിക്കെതിരെ ഉയർന്നു. സംഘടന അറിയാതെയാണ് അദ്ദേഹം ഹൈക്കമാൻഡിന് സ്വകാര്യസന്ദേശം കൈമാറിയതെന്നാണ് ആരോപണം. മലപ്പുറം ജില്ലയിലെ യൂത്ത് കോൺഗ്രസിന് ലഭിക്കേണ്ട സീറ്റ് പാലക്കാട്ടുകാരനായ ചാരിറ്റിക്കാരന് നൽകിയത് പേയ്മെന്റ് വാങ്ങിയാണോയെന്നും ചോദ്യമുയർന്നു.

ന്യൂനപക്ഷ സ്കോളർഷിപ്പിൽ പ്രതിപക്ഷനേതാവിന്റെ മലക്കം മറിച്ചിൽ അദ്ദേഹത്തിന്റെ മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്നും ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നുമുള്ള വിമർശനം വി.ഡി. സതീശനെതിരെയും ചിലരുയർത്തി. വിഷയത്തിൽ യൂത്ത് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമുയർന്നു.