kadalpalam

തലശ്ശേരി: കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിച്ച് ഒടുവിൽ മരണാസന്നനായി കിടക്കുന്ന തലശേരി കടൽ പാലം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി. അതിശക്തമായ തിരമാലകളിൽ ഉലയുന്ന കടൽ പാലത്തിന് മുകളിൽ ഇവരുടെ വിഹാരമാണിപ്പോൾ. അപകടാവസ്ഥയിലായതിനാൽ നഗരഭരണാധികാരികൾ പാലത്തിലേക്കുള്ള പ്രവേശന കവാടത്തിൽ കൽമതിൽ കെട്ടിയിരുന്നു. ഇത് തകർത്താണ് ചിലർ അസമയങ്ങളിൽ പതിവായി പാലത്തിലെത്തുന്നത്. ചൂണ്ടയിടാനും കടൽ കാഴ്ചകൾ ആസ്വദിക്കാനുമെന്ന വ്യജേനയും പാലത്തിൽ കയറുന്ന ഇവരിൽ ചിലരുടെ ലക്ഷ്യം ലഹരി വിൽപനയും ഉപയോഗവുമാണെന്ന് കസ്റ്റംസും പൊലീസും പ്രദേശവാസികളും പറയുന്നു.

വടക്കേ മലബാറിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ താവളങ്ങളിൽ പ്രധാനമായിരുന്ന തലശ്ശേരിയിൽ 1910 ലാണ് കടൽ പാലം പണിതത്. പൈതൃക നഗരത്തിന്റെ ഇന്നലെകളിലേക്കുള്ള ചൂണ്ടുപലകയായ പാലത്തിനിപ്പോൾ പ്രായം 110 പിന്നിട്ടു. തിർത്തും ശോചനീയമാണ് ഇപ്പഴത്തെ നില. അടിത്തൂണുകൾ ഒരോന്നായി ദ്രവിച്ചു കഴിഞ്ഞു. യഥാസമയം അറ്റകുറ്റപണികൾ നടത്തി സംരക്ഷിക്കാത്തതിനാൽ ഉപരിതലത്തിലെ സ്ലാബുകളും അടർന്ന് കടലിൽ വീണു തുടങ്ങി. അപകടം പതിയിരിക്കുന്ന പാലത്തിലേക്ക് ആളുകൾ എത്താതിരിക്കാൻ കെട്ടിയുയർത്തിയ മതിൽ നേരത്തെ രണ്ട് തവണ ഇതേ രീതിയിൽ തകർക്കപ്പെട്ടിരുന്നു. വീണ്ടും പുന:സ്ഥാപിച്ചതാണ് പിന്നെയും തകർത്തിട്ടുള്ളത്.