വിതുര: കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങിയിട്ട് നാളുകളായി. ഇതോടെ സ്വന്തം വീടുകളിൽ പോലും കിടന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങൾ. നിരവധിതവണ അധികൃതർക്ക് മുന്നിൽ ഇവരുടെ ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞിട്ടും നാട്ടിൽ വിഹരിക്കുന്ന വന്യമൃഗങ്ങളെ തളയ്ക്കാൻ കഴിഞ്ഞിട്ടില്ല. കാടുവിട്ടിറങ്ങുന്ന കാട്ടാനയും കാട്ടുപോത്തും പന്നികളും കരടിയുമെല്ലാം അവരുടെ സ്വര്യവിഹാരം തുടർന്നുകൊണ്ടിരിക്കുന്നു. തങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയവുന്ന വന്യമൃഗങ്ങളെ പിടികൂടാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്.
വിതുര പഞ്ചായത്തിലെ വിവിധ വാർഡുകളിലായി കാട്ടുപോത്തുകൾ വിഹരിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസമായി. ഒരുമാസം മുൻപ് വിതുര പൊന്നാംചുണ്ട് മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ പിടിച്ചുകെട്ടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കാട്ടുപോത്തിന്റെ ആക്രമണം ഭയന്ന് നാട്ടുകാർ വീട്ടിൽ തന്നെ കഴിയേണ്ട അവസ്ഥ. ഇപ്പോൾ വിതുര, ഗണപതിയാംകോട് തേവിയോട്, മണിതൂക്കി, വാർഡുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് കാട്ടുപോത്ത് ഭീതി പരത്തി വിഹരിക്കുന്നത്. കാട്ടുപോത്തിന്റെ ശല്യം നിമിത്തം രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ പേടിയാണ്. നാട്ടിലിറങ്ങി ഭീതിപരത്തുന്ന വന്യമൃഗങ്ങളെ കാട്ടിലേക്ക് മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ വനപാലകർക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
താമസം തോട്ടങ്ങളിൽ
വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് കൂടുതൽ ശല്യം നേരിടുന്നത്. കാട് വിട്ട് കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന കാട്ടുപോത്തുകൾ എസ്റ്റേറ്റുകളിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. ആദിവാസിമേഖലയിൽ നിന്നു സ്കൂളിലേക്ക് വന്ന കുട്ടികളുടെ നേരെയും കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിട്ടുണ്ട്. അന്ന് കുട്ടികൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ആനപ്പാറ ചിറ്റാറിന് സമീപം തൊഴിലുറപ്പ് ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികളെയും കാട്ടുപോത്ത് ആക്രമിച്ചിരുന്നു. നേരത്തെ ബോണക്കാട് മേഖലയിലും കല്ലാർ ആദിവാസി മേഖലയിലും കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചിരുന്നു.
കാട്ടുപോത്ത് ആക്രണം രണ്ട്പേർക്ക് പരിക്ക്
വിതുര-പൊന്നാംചുണ്ട്-തെന്നൂർ റൂട്ടിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കൾക്ക് കാട്ടുപോത്തിൻെറ ആക്രമണത്തിൽ പരിക്കേറ്റു. രണ്ട് പേരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മുൻപും ഇവിടെ അനവധി പേർക്ക് കാട്ടുപോത്തിൻെറ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതു സംബന്ധിച്ച് നാട്ടുകാർ നിരവധി തവണ വനപാലകർക്കും, പഞ്ചായത്തിലും പരാതി നൽകിയതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി കാട്ടുപോത്തിനെ ഓടിച്ചുവിട്ടിരുന്നു. എന്നാൽ വീണ്ടും കാട്ടുപോത്ത് നാട്ടിലിറങ്ങി ആക്രമണം നടത്തുകയാണ്. പോത്തിന്റെ ശല്യം രൂക്ഷമായതുമൂലം പൊറുതി മുട്ടിലായ ജനം വിതുര, പാലോട് ഫോറസ്റ്റ് ഓഫീസ് പടിക്കൽ സമരം നടത്താനുള്ള തീരുമാനത്തിലാണ്.
നടപടികൾ സ്വീകരിക്കണം
വിതുര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നാശവും ഭീതിയും പരത്തി വിഹരിക്കുന്ന കാട്ടുപോത്തുകളെ വനത്തിലേക്ക് മടക്കി അയയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം
ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ.