sivankutty

തിരുവനന്തപുരം :നിയമസഭ കൈയാങ്കളിക്കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി ഉത്തരവിന് ശേഷവും അധികാരത്തിൽ തുടരുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും നിയമസഭാ നടപടികൾ ബഹിഷ്കരിച്ചു.

ചോദ്യോത്തര വേളയുടെ തുടക്കത്തിൽത്തന്നെ വിഷയം ഉന്നയിച്ച് ബഹളംവച്ച പ്രതിപക്ഷം, പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടു. സ്പീക്കർ വനം മന്ത്രിയെ മറുപടിക്കായി ക്ഷണിച്ചതോടെ പ്രതിപക്ഷം ബഹളം തുടർന്നു. പി.ടി.തോമസ്, റോജി എം. ജോൺ എന്നിവരെ ഉപചോദ്യത്തിനായി ക്ഷണിച്ചെങ്കിലും, അവർ വിസമ്മതിച്ചു. തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സംസാരിക്കാൻ അവസരം നൽകി.

ബാർ കോഴക്കേസിൽ എഫ്.ഐ.ആറിൽ പേര് ചേർക്കപ്പെട്ട മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടവരാണ്, കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നിർദേശിച്ച മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് സതീശൻ പറഞ്ഞു. സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യത്തിൽ നിന്ന് യു.ഡി.എഫ് പിന്നോട്ടില്ലെന്നും സതീശൻ വ്യക്തമാക്കിയതോടെ, പ്രതിപക്ഷം ചോദ്യോത്തരവേള തടസപ്പെടുത്തി ബഹളം തുടർന്നു. ഇതിനിടെ മന്ത്രി കെ.രാധാകൃഷ്ണൻ ചോദ്യത്തിന് മറുപടി പറഞ്ഞെങ്കിലും അത് ബഹളത്തിൽ മുങ്ങി. പിന്നീട്, മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തിവരാതെ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് ഇറങ്ങി.

സുപ്രീംകോടതി വിധിക്കെതിരെ

പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി

സുപ്രീംകോടതി വിധി അംഗീകരിച്ച് കേസിൽ വിചാരണ നേരിടുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കേസുമായി ബന്ധപ്പെട്ട് കോടതി വിധിക്കെതിരെ താൻ പരാമർശം നടത്തിയിട്ടില്ലെന്നും, കോടതിവിധി അംഗീകരിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും പറഞ്ഞു.

. നിയമസഭയുമായി ബന്ധപ്പെട്ട തർക്കം സഭയിൽ തീർക്കാതെ പൊലീസിനെ ഏൽപ്പിച്ച യു.ഡി.എഫിന്റെ നടപടി തെറ്റാണെന്ന അഭിപ്രായമാണുള്ളത്. സഭാ കൈയാങ്കളി കേസിൽ കുറ്റാരോപിതരായ ഇ.പി.ജയരാജനും കെ.ടി.ജലീലും കഴിഞ്ഞ മന്ത്രിമസഭയിൽ അംഗങ്ങളായിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട വി. ശിവൻകുട്ടിക്കും ഇപ്പോൾ മന്ത്രിയായി തുടരുന്നതിന് തടസങ്ങളില്ല. രാജിവയ്‌ക്കുന്ന പ്രശ്‌നമില്ല, കേസിൽ പ്രതിയായതു കൊണ്ടു മാത്രം മന്ത്രിയാകാൻ പാടില്ലെന്ന യു.ഡി.എഫിന്റെ അഭിപ്രായം ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.