thirakku

വക്കം: യാതൊരു മുൻ ഒരുക്കവുമില്ലാതെ സംഘടിപ്പിച്ച കൊവിഡ് വാക്സിനേഷനിൽ ജനത്തിരക്കേറിയതോടെ അധികൃതരെ ആശങ്കയിലാക്കി. വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ നിലയ്ക്കാമുക്ക് യു.പി.എസിൽ സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പിലാണ് നിയന്ത്രണങ്ങൾ പാളിയത്.

800 പേർക്ക് വാക്സിനേഷന് സൗകര്യമുണ്ടെന്ന് തലേ ദിവസം തന്നെ അറിയിപ്പ് വന്നതോടെ പുലർച്ചേമുതൽ നാടിന്റെ നാനാഭാഗത്ത് നിന്നും ആളുകൾ എത്തിച്ചേർന്നു. 18 വയസ് മുതൽ വാക്സിൻ നൽകുമെന്ന അറിയിപ്പ് ക്യൂ വിന്റെ നീളം കൂട്ടി. സ്കൂൾ ഗേറ്റ് തുറന്നതോടെ അകത്തേക്ക് ആളുകളുടെ ഇടിച്ചു കയറ്റവും തുടങ്ങി. പിന്നെ ടോക്കൺ നേടാൻ യാതൊരു സാമൂഹിക അകലവും ആരും നോക്കിയില്ല. രാവിലെ 10 മണി വരെ മൂവായിരത്തിലധികം പേർ സ്കൂളിൽ എത്തിയതായി കണക്കാക്കുന്നു.

പൊലീസിനോ, വോളന്റിയർമാർക്കോ ഇവരെ നിയന്ത്രിക്കാൻ കഴിയാതെ വന്നതും ആശങ്കയുണ്ടാക്കി. വൈകിട്ട് 5ന് പോലും വാക്സിനേഷൻ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടുമില്ല.