കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേഡ് അംഗീകാരമാണ് ആശുപത്രിയെത്തേടി എത്തിയത്. ദേശീയ ഗുണനിലവാരസൂചികയിൽ 96.4 ശതമാനം മാർക്കോടെ ഇടം നേടിയാണ് ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രം മാതൃകയായത്. അംഗീകാരത്തിനുള്ള നാല് അടിസ്ഥാന ഘടകങ്ങളായ ഒ.പി, ലാബ്, നാഷണൽ ഹെൽത്ത് പ്രോഗ്രാംസ്, ജനറൽ അഡ്മിനിസ്ട്രേഷൻ എന്നിവയിലൂന്നിയാണ് മാർക്ക് നൽകുന്നത്. കഴിഞ്ഞ ആറുമാസത്തെ പ്രവർത്തനത്തെ ആധാരമാക്കിയാണ് ഇക്കഴിഞ്ഞ 28ന് ദേശീയ പരിശോധന നടന്നത്. കാലാകാലങ്ങളായി മാറി വന്ന പഞ്ചായത്ത് ഭരണസമിതികളുടെയും ആശുപത്രി വികസനസമിതിയുടെയും ആശുപത്രി ജീവനക്കാരുടെയും ഒരുമയോടുള്ള പ്രവർത്തന മികവിന് ലഭിച്ച അംഗീകാരമാണിതെന്ന് കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാറും മെഡിക്കൽ ഓഫീസർ ഡോ. ശാന്തുകാറും അറിയിച്ചു.