ആറ്റിങ്ങൽ: കടമ്പാട്ടുകോണം - കഴക്കൂട്ടം ബൈപാസ് വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരവിതരണം വൈകുന്നതായി പരാതി. ഭൂമിയുടെയും കെട്ടിടങ്ങളുടെയും മൂല്യനിർണയം പൂർത്തിയാക്കാൻ കാലതാമസം ഉണ്ടാകുന്നതാണ് കാലതാമസം ഉണ്ടാകാൻ കാരണമെന്നാണ് ആക്ഷേപം. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ വി‌‌‌ജ്ഞാപനം 2020 സെപ്തംബറിലാണ് വന്നത്. ആറ്റിങ്ങൽ,​ കഴക്കൂട്ടം സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളുമായി ബന്ധപ്പെട്ടാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുന്നത്. 30.83 കിലോമീറ്റർ റോഡ് നിർമ്മിക്കാൻ 54 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാൻ നിർ‌ദ്ദേശിച്ചത്. ഭൂമിയുടെ രേഖ പരിശോധനകൾ പൂർത്തിയാക്കിയിട്ട് മാസങ്ങൾ പലതുകഴിഞ്ഞു. ഭൂമിയുടെ വിലയ്ക്ക് പുറമേ വസ്തുവിലുണ്ടായിരുന്ന വൃക്ഷങ്ങൾ,​ കൃഷി,​ കെട്ടിടം എന്നിവയുടെ വിലയും കണക്കാക്കിയാണ് ഉടമയ്ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. റവന്യൂ,​ രജിസ്ട്രാർ വകുപ്പുകളാണ് ഭൂമിക്ക് വിലയിടേണ്ടത്. വനം വകുപ്പാണ് വൃക്ഷങ്ങളുടെ വിലയിടേണ്ടത്. കൃഷിവകുപ്പാണ് കൃഷിയുടെ മൂല്യം നിശ്ചയിക്കേണ്ടത്. ഈ മൂന്നു വകുപ്പുകളും നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. കെട്ടിടങ്ങളുടെ മൂല്യം നിശ്ചയിക്കേണ്ട പൊതുമരാമത്ത് വകുപ്പിന്റെ മെല്ലെപ്പോക്ക് നയമാണ് വസ്തു ഉടമകളെ വലയ്ക്കുന്നത്. ആയിരത്തോളം കെട്ടിടങ്ങളുടെ മൂല്യനിർണയമാണ് നടക്കേണ്ടത്. 12 വർഷമായി നടക്കുന്ന കാര്യങ്ങളാണ് ഇനിയും കടവടുക്കാതെ നീളുന്നത്. ഇത് വസ്തു ഉടമകളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.