കിളിമാനൂർ: പുതുതായി നിർമ്മിച്ച സെപ്ടിക്ക് ടാങ്കിന്റെ ഭിത്തിയിടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് പരിക്ക്. നഗരൂർ മാത്തയിൽ ലിസി മന്ദിരത്തിൽ ലിസിയാണ് (49)​ കുഴിയിൽ വീണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. അയൽക്കാരുമായുള്ള അതിർത്തി തർക്കത്തെ തുടർന്ന് പൊലീസ് അന്വേഷണത്തിന് എത്തിയപ്പോൾ അവർക്കൊപ്പം വഴികാണിക്കാൻ പോകുന്നതിനിടയിലാണ് താത്കാലിക മേൽമൂടിയിട്ട് അടച്ചിരുന്ന 20 അടിയോളം താഴ്ചയുള്ള കുഴിയുടെ ഭിത്തിയിടിഞ്ഞ് ലിസി അപകടത്തിൽപെട്ടത്. ഉടൻതന്നെ പൊലീസും സമീപവാസികളും ലിസിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വെഞ്ഞാറമൂട് ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോർജിന്റെ നേതൃത്വത്തിൽ ഫയർമാൻ അനിൽരാജ് ലിസിയെ കുഴിയിൽ നിന്ന് പുറത്തെടുത്തു. പരിക്കേറ്റ ലിസിയെ കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.