women

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർ ആഴ്ചയിലൊരിക്കൽ പ്രത്യേക അദാലത്ത് ഓൺലൈനായി നടത്തണമെന്ന് പൊലീസ് മേധാവി അനിൽകാന്ത് നിർദ്ദേശിച്ചു. വനിതകളുടെ പരാതികൾക്ക് സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർ ആവശ്യമായ പരിഗണന നൽകി പരിഹാരം കണ്ടെത്തണം. സ്‌റ്റേഷനുകളിൽ ലഭിക്കുന്ന എല്ലാ പരാതികൾക്കും നിർബന്ധമായും രസീത് നൽകണം. എസ്.എച്ച്.ഒമാർക്കായിരിക്കും ഇത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം. ജില്ലകളിലെ വനിതാ സെല്ലുകൾ ശക്തിപ്പെടുത്തണം. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പരിശീലനം ലഭിച്ച കൗൺസലർമാരെ വനിതാ സെല്ലുകളിൽ നിയോഗിക്കും. സ്ത്രീകൾക്കെതിരെ വീടുകളിൽ നടക്കുന്ന അതിക്രമങ്ങളുടെ വിവരങ്ങൾ പിങ്ക് ജനമൈത്രി ബീറ്റ് ശേഖരിക്കണം. പിങ്ക് പട്രോൾ ജില്ലകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കണം പ്രവർത്തിക്കേണ്ടത്. സന്ദേശം ലഭിച്ചാൽ ഉടൻതന്നെ ആവശ്യപ്പെട്ട സ്ഥലത്ത് എത്താൻ കഴിയണം. വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് പിങ്ക് മോട്ടോർ സൈക്കിൾ പട്രോളിംഗുണ്ടാവണം. വിവാഹപൂർവ കൗൺസലിംഗിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ഇതുസംബന്ധിച്ച നിയമങ്ങളെക്കുറിച്ചും പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ക്ലാസെടുപ്പിക്കാൻ സാമൂഹ്യ സംഘടനകളെ പ്രേരിപ്പിക്കണം.

സ്ത്രീധനത്തിനെതിരായി ഡിജിറ്റൽ മാർഗങ്ങളടക്കം ഉപയോഗിച്ച് പ്രചാരണം ശക്തമാക്കണം. ജില്ലകളിലെ നിർഭയ വോളന്റിയർമാരുടെ പ്രവർത്തനപുരോഗതി വിലയിരുത്തി ജില്ലാ പൊലീസ് മേധാവിമാർ പുതിയ പദ്ധതികൾ നടപ്പാക്കണമെന്നും അനിൽകാന്ത് നിർദ്ദേശിച്ചു.