kk-shailaja

തിരുവനന്തപുരം: വ്യാപാര, വ്യവസായ ലോകത്തിന് സർക്കാർ നൽകുന്ന കൊവിഡുകാല സഹായങ്ങൾ അപര്യാപ്തമാണെന്ന് നിയമസഭയിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ വിമർശനം.

ഒന്നാം കൊവിഡ് കാലത്ത് ഖാദി, കൈത്തറി, കശുഅണ്ടി, ബീഡി തൊഴിലാളി മേഖലയിൽ സർക്കാർ നൽകിയ സഹായങ്ങളുടെ കണക്ക് നിരത്തിയും, ബീഡിത്തൊഴിലാളികളുടെ ഉന്നമനത്തിന് ദിനേശ് ബീഡി സമർപ്പിച്ച പദ്ധതികൾക്ക് നൽകിയ 5 കോടിയുടെ ഭരണാനുമതി ചൂണ്ടിക്കാട്ടിയുമാണ് ഇതിനെ ധനകാര്യമന്ത്രി പി.രാജീവ് നേരിട്ടത്. മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം അപ്പോൾ സഭ ബഹിഷ്കരിച്ചിരുന്നതിനാൽ ഭരണപക്ഷ അംഗത്തിന്റെ വിമർശനം ഏറ്റുപിടിക്കാൻ ആളുണ്ടായില്ല.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ചെറുകിട, ഇടത്തരം വ്യവസായ വ്യാപാര മേഖലയിലുള്ളവർ കടുത്ത പ്രതിസന്ധി നേരിടുന്നതിനെ സംബന്ധിച്ച് ശൈലജ സഭയുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലടക്കമുള്ള ജീവനക്കാർ പട്ടിണിയിലാണ്. കിറ്റ് നൽകുന്നതു മൂലമാണ് ജനം പട്ടിണിയിലാകാത്തത്. പാവപ്പെട്ട തൊഴിലാളികൾക്കും പാക്കേജ് പ്രഖ്യാപിക്കണം. പലിശരഹിത വായ്പയോ പലിശ കുറഞ്ഞ വായ്പയോ നൽകണമെന്നും ശൈലജ ആവശ്യപ്പെട്ടു.

ഓണക്കാലത്ത് കൈത്തറി ചലഞ്ചെന്ന പേരിൽ പ്രത്യേക കാമ്പെയിൻ സംഘടിപ്പിക്കുമെന്ന് മന്ത്രി പി.രാജീവ് മറുപടി നൽകി. അയ്യായിരം രൂപയുടെ തുണിത്തരങ്ങൾ 2999 രൂപയ്ക്ക് വിൽക്കുന്ന സ്‌കീം ഓണത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

.