വർക്കല: അടച്ചിട്ട വീടിനുള്ളിൽ അവശനിലയിൽ കുടുങ്ങിപ്പോയ വൃദ്ധനെ വർക്കല ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി ലഭിച്ച സന്ദേശത്തെ തുടർന്നാണ് അഗ്നിരക്ഷാസേന ചെമ്മരുതി പനയറ കാർത്തിക എന്ന രണ്ട് നില വീട്ടിലെത്തിയത്. വീടിന്റെ താഴത്തെ നിലയിലെ മൂന്ന് ഭാഗത്തുള്ള വാതിലുകളും അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു. ഏണി ഉപയോഗിച്ച് മുകളിലെത്തെ നില വഴി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും അവിടുത്തേ വാതിലുകളും അകത്ത് നിന്ന് ലോക്ക് ചെയ്തിരുന്നു.
തുടർന്ന് താഴത്തെ നിലയിലെ ജനൽചില്ലകൾ ഒരാൾക്ക് കടന്നുപോകാൻ പറ്റുന്ന രീതിയിൽ മുറിച്ച് മാറ്റി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.എസ്. അഖിൽ അകത്തിറങ്ങുകയും ശശിധരൻ (72) എന്നയാളെ രക്ഷപ്പെടുത്തി സ്റ്റേഷൻ ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സേനാംഗങ്ങളായ ശംഭു, മണികണ്ഠൻ, രാംലാൽ, ഷൈജു, സുൽഫിക്കർ, രതീഷ് കുമാർ, നൗഷാദ്, അഞ്ജിത്, വിജയൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.