തിരുവനന്തപുരം: ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് ആരോപിച്ച് സോണൽ ഓഫീസിലെ വനിതാ ഓവർസിയറോട് തട്ടിക്കയറി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ. കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുവനന്തപുരം നഗരസഭയുടെ ഉള്ളൂർ സോണൽ ഓഫീസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇതിന്റെ തുടർച്ചയായി അടുത്തദിവസം നഗരസഭയുടെ മെയിൻ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ഓവർസിയറെ മണിക്കൂറുകളോളം എൻജിനീയറിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഓഫീസിന് പുറത്തിരുത്തിയെന്നും ആക്ഷേപമുണ്ട്. ഒടുവിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഓവർസിയർക്ക് സഹപ്രവർത്തകർ വൈദ്യസഹായം ലഭ്യമാക്കിയെന്നാണ് വിവരം.

തിങ്കളാഴ്ച രാവിലെ ഉള്ളൂർ സോണലിലെത്തിയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫോണിൽ സംസാരിക്കുകയായിരുന്ന ഓവർസിയറോട്

ചോദ്യം ചോദിക്കുകയായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥനോട് സംസാരിക്കുകയായിരുന്ന തിരക്കിൽ ചെയർപേഴ്സൺ എത്തിയതും ചോദ്യം ചോദിച്ചതും ഓവർസിയർ ശ്രദ്ധിച്ചില്ല. ഇക്കാര്യം അറിയാതെ ഓവർസിയർ ഫോണിൽ സംഭാഷണം തുടർന്നു. ഇതിൽ പ്രകോപിതയായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉദ്യോഗസ്ഥയോട് തട്ടിക്കയറുകയായിരുന്നു. സംഭവം പിന്നീട് വലിയ രീതിയിലുള്ള ശകാരമായി മാറി. തുടർന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇക്കാര്യം എൻജിനീയറിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനോട് പരാതിപ്പെട്ടു. തുടർന്ന് ചെയർമാൻ ഓവർസിയറോട് അടുത്ത ദിവസം മെയിൻ ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. രാവിലെ എത്തിയ ഓവർസിയറോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടശേഷം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യോഗമുണ്ടെന്നുപറഞ്ഞ് പോയി. ഉച്ചകഴിഞ്ഞപ്പോൾ തിരിച്ചെത്തിയ ഇദ്ദേഹം ഓഫീസ് മുറിക്കുള്ളിലേക്ക് വിളിച്ച് ഉദ്യോഗസ്ഥയെ ശകാരിച്ചപ്പോൾ ഓവർസിയർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്നാണ് ആക്ഷേപം. എന്നാൽ സംഭവത്തിൽ പരാതിയില്ലെന്ന് ഓവർസിയർ പറഞ്ഞു. എന്നാൽ പൊതുജനങ്ങൾ ഓഫീസിലെത്തുമ്പോൾ ഓവർസിയർ അവരോട് ആവശ്യമില്ലാതെ ദേഷ്യപ്പെടുന്നുവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത് ചോദ്യം ചെയ്തതാണെന്നും ഇത്തരത്തിൽ ശകാരവും മറ്റ് സംഭവങ്ങളും നടന്നില്ലെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പറഞ്ഞു. മെയിൻ ഓഫീസിലെത്തിപ്പോൾ ജോലി സംബന്ധമായ പ്രശ്നങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും തലവേദനയുണ്ടെന്നു പറഞ്ഞ ഉദ്യോഗസ്ഥയ്ക്ക് അതു കാരണമായിരിക്കാം ദേഹാസ്വാസ്ഥ്യമുണ്ടായതെന്നുമാണ് ചെയർപേഴ്സന്റെ മറുപടി.