തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിലും ബാലരാമപുരം കൈത്തറിയും സംയുക്തമായി ആവിഷ്ക്കരിച്ച 'കൈത്തറിക്ക് ഒരു കൈത്താങ്ങ് " പദ്ധതി പ്രസ് ക്ളബിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കൈത്തറി ഉത്പന്നങ്ങൾ വിലക്കുറവിൽ എല്ലാവർക്കും ലഭ്യമാക്കാനും കൈത്തറി മേഖലയെ സംരക്ഷിക്കാനുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. കൈത്തറിയെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ പദ്ധതി സഹായകരമാണെന്നും 'ഒരു ജില്ലയ്ക്ക് ഒരുത്പന്നം" എന്ന ആശയത്തിലൂടെ എല്ലാ ജില്ലയിലും പുതിയ സംരംഭങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൈത്തറിത്തൊഴിലാളികളായ ജയന്തി ദേവി, രാധിക, സിദ്ധാർത്ഥ്, രാഘവൻ എന്നിവരിൽ നിന്ന് മന്ത്രി നേരിട്ട് ഉത്പന്നങ്ങൾ വാങ്ങി.
'മെയ്ഡ് ബൈ മലയാളി " ലോഗോ എം. വിൻസെന്റ് എം.എൽ.എ പ്രകാശനം ചെയ്തു. കൈത്തറി ഉത്പന്നങ്ങളുടെ വിതരണത്തിനായി തയ്യാറാക്കിയ www.madebymalayalee.com എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ നിർവഹിച്ചു.
ലോഗോ അവതരണം ഓർഗനൈസേഷൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് ബേബി മാത്യു സോമതീരം നിർവഹിച്ചു. ഡബ്ല്യു.എം.സി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള മന്ത്രിയെ പൊന്നാട അണിയിച്ചു. സമിതി ജില്ലാ പ്രസിഡന്റ് അഡ്വ. തോമസ് സ്കറിയ, സമിതി ഗ്ലോബൽ വൈസ് പ്രസിഡന്റ് ഷാജി എം. മാത്യു, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ, യു.സി. മത്തായി, ശിവൻ മഠത്തിൽ, തങ്കമണി ദിവാകരൻ, ഷാജി ബേബി ജോൺ, ഷിബു ഷാജഹാൻ, സാം ജോസഫ് എന്നിവർ പങ്കെടുത്തു.