തിരുവനന്തപുരം: വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി ആശയവിനിമയം നടത്തുന്ന പരിപാടിയുടെ ഭാഗമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രശസ്ത ലാൻഡ് സ്‌കേപ് ആർക്കിടെക്ട് ജൂലിയ വാട്‌സണുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി. ഹേവാർഡ്‌സ്, കൊളംബിയ തുടങ്ങിയ പ്രമുഖ സർവകലാശാലകളിലെ അദ്ധ്യാപിക കൂടിയാണ് ജൂലിയ വാട്‌സൺ. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുസൃതമായ ആർക്കിടെക്ട് സാദ്ധ്യതകളെ കുറിച്ച് ഒട്ടേറെ മികച്ച ആശയങ്ങൾ അവർ മന്ത്രിയുമായി പങ്കുവച്ചു. റെസ്‌പോസിബിൾ ടൂറിസം മിഷനിലൂടെ പ്രാദേശിക സമൂഹത്തെ സ്വയംപര്യാപ്തമാക്കുന്നതിനുകൂടി ഉതകുന്ന കേരളത്തിന്റെ ടൂറിസം പദ്ധതികളെ ജൂലിയ പ്രശംസിച്ചു. കേരളത്തിന്റെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള സന്നദ്ധതയും അവർ അറിയിച്ചു.