കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ കിള്ളി മൂങ്ങോട് മണലി മേച്ചിറ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. അപകടങ്ങൾ ഇവിടെ നിത്യ സംഭവമായതോടെ പ്രദേശവാസികൾ ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയെങ്കിലും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഏഴ് വർഷത്തിലധികമായി ഈ റോഡ് തകർന്നിട്ട്. മഴ പെയ്താൽ ഈ റോഡ് ചെളിക്കുളമായി മാറും. ഇപ്പോൾ തന്നെ വലിയ കുഴികളാണ് റോഡിൽ. വേനലാകുന്നതോടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റലുകൾ ഇളകി തെറിച്ചു വീണ്ടും അപകടക്കെണിയാകും. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി രംഗത്തെത്തുമെന്ന് പ്രദേശവാസികൾ പറഞ്ഞു.