general

ബാലരാമപുരം: പെട്രോൾ ഒഴിച്ച് ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതര പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തീയ്യന്നൂർക്കോണം അനി നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന മുരളി - ലീല ദമ്പതികളുടെ മകൻ രാജേഷ് കുമാറാണ് (32)​ മരിച്ചത്. 85 ശതമാനം പൊള്ളലേറ്രതിനാൽ സ്ഥിതി ഗുരുതരമായിരുന്നു. ഇന്നലെ രാവിലെ 10ഓടെ മരണം സംഭവിച്ചു. റസൽപുരം ബെവ്കോ ഗോഡൗണിലെ സി.ഐ.ടി.യു ചുമട്ട് തൊഴിലാളിയാണ്. സഹപ്രവർത്തകയായ ബെവ്കോയിലെ വനിതാ തൊഴിലാളിയുമായി സാമ്പത്തിക ഇടപാടുകൾ നടന്നതിനെ തുടർന്ന് യുവതിയുടെ വീട്ടിലെത്തി കഴിഞ്ഞ 27ന് രാജേഷ് കുമാർ പൊട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. രണ്ടാഴ്ച് മുമ്പ് ഇതേ സാമ്പത്തിക പ്രശ്നത്തെച്ചൊല്ലി രാജേഷ് കുമാറും യുവതിയുടെ വീട്ടുകാരും തമ്മിൽ വഴക്ക് നടന്നിരുന്നു. രാജേഷ് കുമാറിനെ മർദ്ദിച്ചതായി വീട്ടുകാർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നപ്പോഴും മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകിയിരുന്നു. ബെവ്കോയിലെ സി.ഐ.ടി.യു,​ ഐ.എൻ.ടി.യു.സി തൊഴിലാളികളുടെ നേതൃത്വത്തിൽ വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വൈകിട്ട് അഞ്ചരയോടെ സംസ്കാരം നടന്നു. മാസങ്ങൾക്ക് മുമ്പായിരുന്നു രാജേഷിന്റെ വിവാഹം. കൃഷ്ണപ്രിയയാണ് ഭാര്യ. സുജികുമാർ സഹോദരനാണ്. ഗർഭിണിയായിരിക്കെ രാജേഷിന്റെ സഹോദരി ലക്ഷ്മി ഒൻപത് മാസം മുമ്പ് ചികിത്സാപ്പിഴവിനെ തുടർന്ന് മരണപ്പെട്ടിരുന്നു. യുവാവിന്റെ മരണത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

സത്യം പുറത്തുകൊണ്ടുവരണം ബെവ്കോ തൊഴിലാളികൾ

സൗഹൃദത്തിലിരിക്കെ രാജേഷ് കുമാർ യുവതിയുമായി നടന്ന സാമ്പത്തിക ഇടപാടുകളും സൗഹൃദം നടിച്ച് ആത്മഹത്യയുടെ വക്കിലെത്തിച്ചതും രണ്ടാഴ്ചക്ക് മുമ്പ് യുവതിയുടെ വീട്ടിൽ വിളിച്ചുവരുത്തി മർദ്ദിച്ചതും സംബന്ധിച്ച് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ച് നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ജനകീയസമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് റസൽപുരം ബെവ്കോ ഗോഡൗണിലെ സി.ഐ.ടി.യു,​ ഐ.എൻ.ടി.യു.സി തൊഴിലാളികൾ പറഞ്ഞു.