പാറശാല : മെഗാ വാക്സിനെഷന്റെ ഭാഗമായി പരശുവയ്ക്കൽ പി.എച്ച്.സി യുടെ ഉത്തരവാദിത്വത്തിൽ പാറശാല പഞ്ചായത്തിലെ ജയമഹേഷ് കല്യാണ മണ്ഡപത്തിൽ നടന്ന വാക്സിൻ വിതരണത്തിൽ വീണ്ടും അപാകത ഉണ്ടായതായി പരാതി. വാക്സിൻ വിതരണത്തിൽ പഞ്ചായത്തും ഹെൽത്ത് സെന്ററും രണ്ട് തട്ടിലായതോടെയാണ് സംഭവം. ഇന്നലെ വിതരണം ചെയ്യുന്നതിനായി പി.എച്ച്.സി യിൽ അറുന്നൂറോളം വാക്സിൻ എത്തിയിരുന്നു. വിതരണ കേന്ദ്രം പഞ്ചായത്ത് അധികൃതർ പാറശാല പുത്തൻ കടയിലെ പഞ്ചായത്ത് ആഡിറ്റോറിയത്തിലേക്കും പിന്നീട് പാറശാല ജയമഹേഷ് കല്യാണ മണ്ഡപത്തിലേക്കും മാറ്റിയിരുന്നു. പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ട അത്രയും ടോക്കണുകൾ പി.എച്ച്.സി യിലെ ജീവനക്കാർ കഴിഞ്ഞ ദിവസം രാത്രി തന്നെ നൽകിയിരുന്നു എങ്കിലും വീണ്ടും കൂടുതൽ ആവശ്യപ്പെട്ടതാണ് വിവാദങ്ങൾക്ക് കാരണമായി ജീവനക്കാർ പറയുന്നത്. എന്നാൽ വാക്സിൻ തീർന്ന കാരണം പറഞ്ഞ് പി.എച്ച്.സി യിലെ ജീവനക്കാർ മടങ്ങിയതിന്ശേഷവും പി.എച്ച്.സി ഉദ്യോഗസ്ഥർ 22 പേർക്ക് വാക്സിൻ വിതരണം ചെയ്തതാണ് പഞ്ചായത്ത് അധികൃതരെ ചൊടിപ്പിച്ചതും ജീവനക്കാരുമായി വാക്കേറ്റത്തിന് കാരണമായതായും പറയുന്നത്. പരശുവയ്ക്കൽ പി.എച്ച്.സിയിൽ വാക്കേറ്റം നടന്ന വിവരം അറിഞ്ഞെത്തിയ നാട്ടുകാരെ പാറശാല പൊലീസ് എത്തി നിയന്ത്രിച്ചു. പഞ്ചായത്ത് അധികൃതർ പറയുന്ന വാദം തികച്ചും ആരോപണമാണെന്ന് പരശുവയ്ക്കൽ പി.എച്ച്.സി യിലെ ജീവനക്കാർ പറയുന്നു. ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുന്നതാണെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ പി.എച്ച്.സി ജീവനക്കാരുടെ തെറ്റായ നടപടികൾക്കെതിരെ ഉന്നത അധികൃതർക്ക് പരാതി നൽകുന്നതാണെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.