കുളത്തൂർ : സംസ്ഥാനത്തെ കളിക്കളങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വിട്ടുനൽകില്ലെന്ന് സ്‌പോർട്സ് യുവജന കാര്യമന്ത്രി വി.അബ്‌ദു റഹ്മാൻ പറഞ്ഞു.
നാശത്തിന്റെ വക്കിലെത്തിയ രാജ്യാന്തര സ്റ്റേഡിയമായ കാര്യവട്ടം സ്പോർട്സ് ഹബ്ബിന്റെ ശോച്യാവസ്ഥ നേരിൽക്കണ്ട് വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കരിഞ്ഞുണങ്ങിയ ടർഫ്, കൂറ്റൻ കുഴികൾ, രാഷ്ട്രീയ പരിപാടിയും കരസേനയുടെ റിക്രൂട്ട്മെന്റ് റാലിയും മൈതാനത്തെ അക്ഷരാർത്ഥത്തിൽ ഇല്ലാതാക്കി. ആൽമരത്തിന്റെ തൈകൾ വളർന്നു നിൽക്കുന്ന ഗാലറിയും പൊട്ടിപ്പൊളിഞ്ഞ കസേരകളുമാണ് അവിടെ. പൊട്ടിപ്പൊളിഞ്ഞ് ചിതൽപ്പുറ്റ് നിറഞ്ഞ ഡ്രസിംഗ് റൂമുകളുടെയും ഡഗ് ഔട്ടുകളുടെയും അവസ്ഥ അതിദയനീയമാണെന്ന് മന്ത്രി മനസിലാക്കി.
കെ.സി.എ പരിപാലിക്കുന്ന അഞ്ചു പിച്ചുകൾ മാത്രമാണ് വലിയ കുഴപ്പമില്ലാതുള്ളത്. സ്പോർട്സ് ഹബ്ബിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ മന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന കെ.സി.എ. സെക്രട്ടറി ശ്രീജിത് നായർ പറഞ്ഞു.