photo

പാലോട്: 2018ൽ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച നന്ദിയോട് ഓട്ടുപാലം പാലുവള്ളി തലക്കൽ റോഡിനോടനുബന്ധിച്ച് നന്ദിയോട് ഗവ. എൽ.പി.സ്കൂളിനു സമീപം കെട്ടിയ കരിങ്കൽകെട്ട് പണി പൂർത്തിയായി മാസങ്ങൾ തികയും മുൻപേ തകർന്നു വീണു. ഭാരം കയറ്റിയ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസ്സുകളും മറ്റ് നിരവധി വാഹനങ്ങളും കടന്നു പോകുന്ന റോഡിനോടനുബന്ധിച്ച് കെട്ടിയ കരിങ്കൽ കെട്ടാണ് പൊളിഞ്ഞത്. ഇനിയും മഴ തുടർന്നാൽ ബാക്കിയുള്ള സൈഡ് വാൾ കൂടി പൊളിഞ്ഞു വീഴാനുള്ള സാദ്ധ്യത കൂടുതലാണ്. 5250 മീറ്റർ നീളമുള്ള റോഡിന് അഞ്ചു വർഷത്തെ മെയിന്റനൻസ് ഉൾപ്പടെ നാലുകോടിയായിരുന്നു കരാർ തുക. റോഡുനിർമ്മാണം ആരംഭിച്ചതു മുതൽ നിർമ്മാണത്തെ കുറിച്ച് നിരവധി പരാതികളാണ് ഉയർന്നത്. റോഡിനോടനുബന്ധിച്ച് നിർമ്മിക്കേണ്ട ഓടകൾ പല സ്ഥലങ്ങളിലും നിർമ്മിച്ചിട്ടില്ല. കരിങ്കൽ കെട്ട് പൊളിഞ്ഞ ഭാഗത്ത് അപായസൂചനാ ബോർഡ് സ്ഥാപിക്കുന്നതിനോടൊപ്പം അടിയന്തിരമായി കരിങ്കൽകെട്ട് പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.