പേരാവൂർ: വോളി ഇതിഹാസം ജിമ്മി ജോർജ്ജിന്റെ നാടായ പേരാവൂർ തൊണ്ടിയിലുള്ള മോർണിംഗ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാഡമി സേനയിൽ ചേരാൻ കാത്തിരിക്കുന്ന ചെറുപ്പക്കാരുടെ പ്രതീക്ഷയാണ്. കേരള പൊലീസിൽ നിന്ന് ഇൻസ്‌പെക്ടറായി റിട്ടയർ ചെയ്ത എം.സി. കുട്ടിച്ചനാണ് കായിക കരുത്തിന്റെ അടയാളമായ ഈ സ്ഥാപനത്തെ നയിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നും 1000 കുട്ടികളെയെങ്കിലും മിലിട്ടറി, പൊലീസ് തുടങ്ങിയ സേനകളിൽ എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് തുടങ്ങിയതെങ്കിലും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ പേരെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ കഴിയുമെന്നാണ് ഈ പരിശീലകന്റെ പ്രതീക്ഷ.
32 വർഷത്തെ സേവന കാലത്തിനിടയിൽ കൂടുതലും ട്രെയിനിംഗ് ഇൻസ്ട്രക്ടർ എന്ന നിലയിലായിരുന്നു പ്രവർത്തനം. കേരള പൊലീസിന്റെ കമാൻഡോ വിംഗായ തണ്ടർബോൾട്ട് ഉൾപ്പെടുന്ന ഇന്ത്യാ റിസർവ് ബറ്റാലിയനിൽ രണ്ടു വർഷക്കാലം പരിശീലകനായിരുന്നു. ഒപ്പം കേരളത്തിലെ വിവിധ പൊലീസ് അക്കാഡമികളിൽ പരിശീലകനായി സേവനമനുഷ്ഠിച്ചതിന്റെ പിൻബലത്തിലുമാണ് തൊണ്ടിയിൽ അക്കാഡമി ആരംഭിച്ചത്.
ഇന്ത്യൻ കമാൻഡോസിനെപ്പോലും അതിശയിപ്പിക്കുന്ന പരിശീലനമാണ് ഇവിടെ നൽകുന്നത്. മൂന്നു മാസത്തെ പരിശീലനം പൂർത്തിയാക്കിയാൽ ഇന്ത്യയിലെ ഏത് ഫിസിക്കൽ ടെസ്റ്റും കുട്ടികൾക്ക് ജയിക്കാൻ കഴിയുമെന്ന് ഡയറക്ടർ കൂടിയായ കുട്ടിച്ചൻ പറയുന്നു. ഈ കായികക്ഷമത പരിശീലന കേന്ദ്രത്തിന്റെ മികവ് തിരിച്ചറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കുട്ടികൾ എത്തുന്നുണ്ട്.
പരിശീലനം തികച്ചും സൗജന്യമാണ്. പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2018ൽ തുടങ്ങിയ അക്കാഡമിയിൽ 12 മുതൽ 23 വയസുവരെയുള്ള മുന്നൂറോളം ആൺകുട്ടികളും പെൺകുട്ടികളുമാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. 106 പേർ ഇതിനോടകം ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു. രാവിലെ 6.30 മുതൽ 8.30 വരെയാണ് പരിശീലനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഞായറാഴ്ച ഒഴികെ വർഷത്തിൽ എല്ലാ ദിവസവും പരിശീലനമുണ്ട്. കഴിഞ്ഞ മൂന്നു വർഷവും ഒരു ഒറ്റയാൾ പട്ടാളം പോലെ കുട്ടിച്ചൻ മാത്രമായിരുന്നു പരിശീലകൻ. ആയോധനകലയിലും പ്രാവീണ്യമുള്ള എം.സി. കുട്ടിച്ചൻ കുട്ടികൾക്ക് സെൽഫ് ഡിഫെൻസിലും പരിശീലനം നൽകുന്നുണ്ട്.
തികച്ചും സൗജന്യമായി നൽകുന്ന പരിശീലനത്തിലൂടെ അർപ്പണ മനോഭാവമുള്ള സേനാംഗങ്ങളെ രൂപപ്പെടുത്തിയെടുക്കാനാണ് കുട്ടിച്ചന്റെ ശ്രമം. ഇതിനുവേണ്ടി അക്കാഡമിയുടെ ഭാഗമായി രൂപീകരിച്ച ദുരന്തനിവാരണ സേനയുടെ സേവനവും സൗജന്യമാണ്.
കഴിഞ്ഞ കാലങ്ങളിലുണ്ടായ പ്രളയ ദുരന്തങ്ങളിൽ അകപ്പെട്ടു പോയവർക്ക് സാന്ത്വനവുമായി ഓടിയെത്താൻ ഇദ്ദേഹം നേതൃത്വം നൽകുന്ന ദുരന്തനിവാരണ സേനയ്ക്ക് കഴിഞ്ഞിരുന്നു.
ഇവിടെ ഒറ്റയാൾ പട്ടാളമായി കഴിഞ്ഞ മൂന്നു വർഷമായി കുട്ടിച്ചൻ അക്ഷീണം പ്രവർത്തിക്കുന്നു. ആത്മസംതൃപ്തിയാണ് ഈ സ്ഥാപന മേധാവിയുടെ പ്രതിഫലം.
അക്കാദമിയുടെ പ്രവർത്തനങ്ങളിൽ പേരാവൂരിലെ ഡോ. വി. രാമചന്ദ്രനാണ് രക്ഷാധികാരി. കൂടാതെ ചേംബർ ഓഫ് പേരാവൂരിന്റെയും ഷനോജ് നരിതൂക്കിൽ നയിക്കുന്ന വൈസ്‌മെൻ മെട്രോയുടെയും സഹകരണവും, എൻ.എസ്.ജി. കമാൻഡോ ചാർജ് വഹിക്കുന്ന സുരേഷ് രാജ് പുരോഹിത് എന്നിവരുടെ പ്രോത്സാഹനവും സ്ഥാപനത്തിന് ലഭിക്കുന്നു.
എം.സി. കുട്ടിച്ചൻ
ഡയറക്ടർ