s

തിരുവനന്തപുരം: കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സർക്കാർ ജീവനക്കാർക്ക് ഈ ഓണത്തിന് ഉത്സവബത്തയും ബോണസും നൽകാനിടയില്ല. ഒരു മാസത്തെ ശമ്പളം അഡ്വാൻസായി നൽകുന്ന പതിവും തെറ്റും. ഓണം അഡ്വാൻസും ഒഴിവാക്കിയേക്കും.

അന്തിമ തീരുമാനമായില്ലെങ്കിലും ഇവ ഒഴിവാക്കണമെന്ന നിർദ്ദേശം ധനകാര്യ വകുപ്പിന് മുന്നിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ചശേഷമേ അന്തിമ തീരുമാനമാവൂ.

കഴിഞ്ഞ ഓണത്തിന് 6000 കോടിയിലേറെ രൂപയാണ് മൊത്തം വേണ്ടിവന്നത്. ശമ്പള പരിഷ്കരണം നടത്തിയതിനാൽ ഇക്കുറി 8000 കോടിയിലധികം വേണ്ടിവരും.

കഴിഞ്ഞ ഓണത്തിന് അഡ്വാൻസായി 15,000 രൂപവരെയാണ് നൽകിയത്. 27,360 രൂപ വരെ ശമ്പളമുള്ളവർക്ക് 4000 രൂപ ബോണസും അതിൽ കൂടിയ ശമ്പളമുള്ളവർക്ക് 2750 രൂപ ഉത്സവബത്തയും നല്‍കിയിരുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കു മാത്രമാണ് ബോണസിന് അർഹത.ഓണം അഡ്വാൻസ് അഞ്ചു തവണയായി തിരിച്ചു പിടിക്കാറുണ്ട്.

ശമ്പള പരിഷ്കരണം നടപ്പിലാക്കിയതോടെ 4000 രൂപ മുതൽ 10,000 രൂപ വരെ വർദ്ധനയുണ്ടായിട്ടുണ്ട്. ഓണക്കാലത്ത് നൽകുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഓണവിപണിയിലെത്തുന്നതിനാൽ നല്ലൊരു തുക നികുതിയായി തിരികെ കിട്ടുമായിരുന്നു.ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു സാദ്ധ്യതയില്ല. കഴിഞ്ഞ തവണ നൽകിയ 6000 കോടിയിൽ നിന്ന് കാര്യമായ തുക നികുതിയായി തിരിച്ചെത്തിയില്ല.

ഓണശമ്പളം സെപ്തംബറിൽ

തിരുവോണം ആഗസ്റ്റ് 21ന് ആണെങ്കിലും ആഗസ്റ്റിലെ ശമ്പളം പതിവുപോലെ സെപ്തംബറിലെ നൽകൂ. കൊവിഡ് കാലത്ത് സമൂഹത്തിലെ മറ്റു വിഭാഗങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായെങ്കിലും സർക്കാർ ജീവനക്കാർ അങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വന്നില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം.

അന്നും ഇന്നും

6000 കോടിയിലേറെ: കഴിഞ്ഞ ഓണത്തിന്

വേണ്ടിവന്ന മൊത്തം തുക

8000 കോടിയിലേറെ: ശമ്പള പരിഷ്കരണത്തിന് ആനുപാതികമായി ഇക്കുറി വേണ്ടിവരുന്നത്

4100 കോടി: കേന്ദ്രത്തിൽ നിന്നുള്ള ജി.എസ്.ടി വിഹിതം

ശമ്പളവും പെൻഷനും

2600 കോടി: ഒരു മാസത്തെ ശമ്പളം

2000 കോടി: ഒരു മാസത്തെ പെൻഷൻ

1670 കോടി: രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് കൊടുക്കാൻ

അഡ്വാൻസിനും ബോണസിനും

750 കോടി: അഡ്വാൻസ് 15000 രൂപ വീതം

150 കോടി: ബോണസ് കഴിഞ്ഞ തവണ

5 ലക്ഷം: ജീവനക്കാർ

5.15 ലക്ഷം: പെൻഷൻകാർ

'' ബോണസ്, ഉത്സവബത്ത, ഓണം അഡ്വാൻസ് എന്നിവയെപ്പറ്റി തീരുമാനമെടുത്തിട്ടില്ല. ഇവ നൽകില്ലെന്ന് പറഞ്ഞിട്ടില്ല.എന്നാൽ, ഓണത്തിന് രണ്ടു ശമ്പളം നൽകില്ല.''

-കെ.എൻ.ബാലഗോപാൽ

ധനകാര്യ മന്ത്രി