തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ നിന്നു കേരളം മോചനം നേടിയിട്ടില്ലെന്നും മൂന്നാം തരംഗമുണ്ടായാൽ ജനസംഖ്യയുടെ പകുതിയോളം പേർക്ക് രോഗസാദ്ധ്യതയുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്‌സിൻ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിനു മുമ്പ് മൂന്നാം തരംഗം ഉണ്ടായാൽ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടി ആശുപത്രികൾ നിറയും. അതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
മൂന്നാം തരംഗം മുന്നിൽക്കണ്ട് മുൻകരുതൽ ഉറപ്പാക്കുന്നതിനായി ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുകയാണ് പ്രധാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകളും ഈമാസം പ്രവർത്തന സജ്ജമാക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷന് നിർദേശം നൽകി. 77മെട്രിക് ടൺ ഓക്‌സിജൻ അധികം നിർമ്മിക്കുകയാണ് ലക്ഷ്യം. പുതുതായി നിർമ്മിക്കുന്ന 38 ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകളുടെ പുരോഗതിയും യോഗം വിലയിരുത്തി.
കൊവിഡ് രണ്ടാം പാക്കേജിൽ ഉൾപ്പെടുത്തി ശിശുരോഗ ചികിത്സാ മേഖലയുടെ അടിയന്തര വിപുലീകരണവും ചർച്ചചെയ്തു. യുദ്ധകാലാടിസ്ഥാനത്തിൽ ഇവ പൂർത്തിയാക്കുന്നതിന് കെ.എം.എസ്.സി.എൽ, ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
20,624 രോഗികൾ, ടി.പി.ആർ 12.31%
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 20,624 പേർ കൂടി കൊവിഡ് ബാധിതരായി. 12.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. 80 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 16,781 ആയി. അതേസമയം ചികിത്സയിലായിരുന്ന 16,865 പേർ രോഗമുക്തി നേടി.