നാഗർകോവിൽ: ജമ്മു കാശ്‌മീരിൽ ഷോക്കേറ്റ് മരിച്ച ജവാന് ജന്മനാടിന്റെ അന്ത്യാഞ്ജലി. കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ ചുട്രവിളാകം സ്വദേശി സ്റ്റീഫനാണ് (43) മരിച്ചത്. സ്റ്റീഫൻ 18 വർഷമായി ബി.എസ്.എഫിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 29ന് ഗുജറാത്തിൽ നിന്ന് ജമ്മുകാശ്‌മീരിലേക്ക് പോകുബോൾ ഉതബൂർ എന്ന സ്ഥലത്ത് വണ്ടിയിൽ സാധനങ്ങൾ കയറ്റവേയാണ് സ്റ്റീഫന് ഷോക്കേറ്റത്. ഉടൻതന്നെ സഹപ്രവർത്തകർ ഉതമ്പൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം രാത്രി വിമാനമാർഗം ഭൗതികശരീരം തിരുവനന്തപുരത്തെ മിലിട്ടറി ക്യാമ്പിൽ എത്തിച്ചശേഷം ഇന്നലെ രാവിലെ തിരുവട്ടാറിൽ എത്തിച്ചു. സൈനിക ബഹുമതിയോടെയാണ് അന്ത്യയാത്ര നൽകിയത്. മന്ത്രി മനോ തങ്കരാജ് ചടങ്ങിൽ പങ്കെടുത്തു. ഭാര്യ: ഷെർവിൻ മീന. രണ്ട് കുട്ടികളുണ്ട്.