തിരുവനന്തപുരം: അഞ്ചുലക്ഷത്തിലേറെ കുട്ടികൾ പന്ത്രണ്ടാം ക്ലാസിൽ ഉപരിപഠനത്തിന് യോഗ്യത നേടിയെങ്കിലും എല്ലാവർക്കും ബിരുദ കോഴ്സുകളിൽ പ്രവേശനം ലഭിക്കില്ല. ആർട്സ്, സയൻസ് വിഷയങ്ങളിൽ സംസ്ഥാനത്താകെ രണ്ടുലക്ഷത്തിൽ താഴെ ബിരുദസീറ്റുകളേയുള്ളൂ. എൻജിനിയറിംഗിന് 45,000 ഉം പോളിടെക്‌നിക് കോളേജുകളിൽ 25,000 ഉം സീറ്റുകളും മെഡിസിൻ, അനുബന്ധ കോഴ്സുകളിൽ പരമാവധി മൂവായിരത്തോളം സീറ്റുകളുമാണുള്ളത്. അതേസമയം, സമീപ വർഷങ്ങളായി സാധാരണ ബിരുദപഠനത്തിന് താത്പര്യം വർദ്ധിച്ചുവരികയാണ്. സർക്കാർ, എയ്ഡഡ് കോളേജുകളിൽ 90 ശതമാനം മാർക്കുള്ളവർക്കുപോലും പ്രവേശനം പ്രയാസം. നഗരങ്ങളിലെ കോളേജുകളിൽ 95 ശതമാനത്തിലേറെ മാർക്കുണ്ടെങ്കിലും രക്ഷയില്ല. കൊവിഡ് കാരണം ഗൾഫിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവർക്കും പഠനസൗകര്യം ഉറപ്പില്ല.
പരമ്പരാഗത ബിരുദകോഴ്സുകൾക്കാണ് ഏറ്റവുമധികം ഡിമാന്റ്. ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ഇക്കണോമിക്സ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. ഇരുപതുശതമാനം സീറ്റുവർദ്ധനവുണ്ടാകുന്നതോടെ കാലിക്കറ്റിൽ 85,000 ഉം കേരളയിൽ 40,000 ഉം ബിരുദ സീറ്റുകളുണ്ടാവും. കഴിഞ്ഞവർഷം കേരളയിൽ ഒരു ലക്ഷത്തിലേറെ അപേക്ഷകരും പത്തുലക്ഷത്തോളം ഓപ്ഷനുകളുമുണ്ടായിരുന്നു. നിലവിൽ കണ്ണൂർ സർവകലാശാലയിൽ 15,410ഉം എം.ജിയിൽ 69,363 ഉം ബിരുദ സീറ്റുകളുണ്ട്.
സെപ്തംബർ 30 ഓടെ പ്രവേശനം പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് ക്ലാസ് തുടങ്ങണമെന്നാണ് യു.ജി.സി നിർദ്ദേശം
കൊല്ലത്തെ ഓപ്പൺ സർവകലാശാലയ്ക്ക് യു.ജി.സിയുടെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ, എല്ലാ സർവകലാശാലകളിലും വിദൂര, പ്രൈവറ്റ്, ഓപ്പൺ പഠനത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
197പുതിയ കോഴ്സ്
കഴിഞ്ഞ നവംബറിൽ അനുവദിച്ച ഇന്റഗ്രേറ്റഡ് പി.ജിയടക്കം 197പുതിയ കോഴ്സുകൾ ഇക്കൊല്ലം ആരംഭിക്കും. 47 ഗവ.കോളേജുകളിൽ 49. 105 എയ്ഡഡ് കോളേജുകളിൽ 117. എട്ട് സർവകലാശാലകളിൽ 19. എട്ട് എൻജിനിയറിംഗ് കോളേജുകളിൽ 12വീതം കോഴ്സുകളുമാണ് തുടങ്ങുക. ആകെ 7,500സീറ്റുകളുണ്ടാവും.
അത്യാധുനിക കോഴ്സുകൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ അനാലിസിസ്, ഫോറിൻ ട്രേഡ്, നാനോ സയൻസ്, സ്പേസ് സയൻസ്, ഇക്കണോമെട്രിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഫിനാൻഷ്യൽ മാർക്കറ്റിംഗ്, സ്പോർട്സ് മാനേജ്‌മെന്റ്, ഇന്റർനാഷണൽ റിലേഷൻസ്, സെയിൽസ് മാനേജ്‌മെന്റ്, മൾട്ടിമീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ, ക്ലിനിക്കൽ സൈക്കോളജി, റിന്യൂവബിൾ എനർജി, കമ്പ്യൂട്ടേഷണൽ ബയോളജി, മ്യൂസിയോളജി, താരതമ്യപഠനം, ഡേറ്റാ അനാലിസിസ് എന്നിങ്ങനെ പുതുതലമുറ കോഴ്സുകളാണ് ഇക്കൊല്ലം തുടങ്ങുക.