വർക്കല:പുത്തൻചന്ത ചുമടുതാങ്ങി റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ആസാദ് (32) എന്ന യുവാവിനു നേരെയാണ് ആക്രമണം. മറ്റൊരു ബൈക്കിൽ പിന്തുടർന്ന സഹോദരങ്ങളായ രണ്ട് യുവാക്കൾ ചേർന്നാണ് ആസാദിനെ വാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മുൻ വൈരാഗ്യവും കുടിപ്പകയുമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഷൈജു എന്നൊരു യുവാവിനെ നേരത്തെ ആസാദ് വെട്ടിപ്പരിക്കേൽപ്പിച്ചതായി പറയുന്നു. ഇതിനു പകരംവീട്ടാനാണ് ഷൈജുവും സഹോദരനായ മാഹീനും ചേർന്ന് ആസാദിനെ വെട്ടിയതെന്നാണ് പൊലീസിന്റെ നിഗമനം. 12ഓളം വെട്ടുകളേറ്ര ആസാദിനെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സഹോദരങ്ങളായ ഷൈജു, മാഹീൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.