sivagiri

തിരുവനന്തപുരം: വർക്കല ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിക്കും, തിരുവനന്തപുരം ശാസ്‌തമംഗലം ശ്രീരാമകൃഷ്‌ണ മിഷൻ ആശുപത്രിക്കും ജയ്‌പൂർ ഫുട്സ് യു.എസ്.എ ചാപ്‌റ്റർ നൽകിയ ഓക്‌സിജൻ കോൺസന്ററേറ്ററുകൾ കേന്ദ്രമന്ത്രി വി. മുരളീധരൻ കൈമാറി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നത് കണക്കിലെടുത്താണ് രണ്ട് സ്ഥാപനങ്ങൾക്കും ഓക്‌സിജൻ കോൺസെന്ററേറ്ററുകൾ കൈമാറിയതെന്ന് മന്ത്രി പറഞ്ഞു.

ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ഓരോ നിമിഷവും വർദ്ധിച്ചു വരുന്ന കാലഘട്ടമാണിതെന്നും ഇത് തിരിച്ചറിഞ്ഞാണ് സ്വദേശി ദർശൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ ശിവഗിരിയെ ഉൾപ്പെടുത്തിയതെന്നും ശിവഗിരി ശ്രീനാരായണ ആശുപത്രിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയാണ് തീർത്ഥാടന സർക്യൂട്ട് നടപ്പാക്കുന്നതിൽ കാലവിളംബം ഉണ്ടാക്കിയത്. തുടർപ്രവർത്തനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ശിവഗിരി മഠത്തിന്റെ ഡൽഹിയിലെ അംബാസഡറയാണ് മന്ത്രി വി. മുരളീധരനെ കാണുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. 70 കോടിയുടെ ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഉൾപ്പെടെ ശിവഗിരിയുടെ വികസനത്തിന് സാദ്ധ്യമായ എല്ലാ സഹായവും ചെയ്‌തത് അദ്ദേഹം അനുസ്മരിച്ചു. ശ്രീനാരായണ മെഡിക്കൽ മിഷൻ സെക്രട്ടറി സ്വാമി വിശാലാനന്ദ, ധർമ്മസംഘം ട്രഷറർ ശാരദാനന്ദ തുടങ്ങിയവർ സംസാരിച്ചു. ശാസ‌്‌തമംഗലത്തെ ശ്രീരാമകൃഷ്‌ണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സ്വാമി മോക്ഷവ്രതാനന്ദ അദ്ധ്യക്ഷത വഹിച്ചു.