തിരുവനന്തപുരം :ഭർത്താവിന്റെ വിയോഗത്തിൽ പതറാതെ അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ച യുവതിയുടെ കാൽതൊട്ട് വന്ദിച്ച് ഡോക്ടർ. സംസ്ഥാനത്ത് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന സമിതിയിലെ അംഗമായ ഡോ.എച്ച്.വി.ഈശ്വറാണ് സമാനതകളില്ലാത്ത കാരുണ്യത്തിന് മുന്നിൽ വണങ്ങിയത്. അപകടത്തിൽ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിച്ച മണ്ണന്തല സ്വദേശി ജെറി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാദ്ധ്യത വിരളമാണെന്ന് അറിയിച്ചതിന് പിന്നാലെ 30വയസ് തികയാത്ത ഭാര്യ മറ്റൊന്നും ചിന്തിക്കാതെ അവയവദാനത്തിന് തയ്യാറായതാണ് അദ്ദേഹത്തെ വികാരഭരിതനാക്കിയത്. എനിക്കറിയാം ഡോക്ടർ, അദ്ദേഹത്തിന് ഇനി തിരിച്ചുവരാനാവില്ല. എങ്കിലും എന്റെ മകളുടെ അച്ഛന്റെ ശരീരത്തിന്റെ ഒരു അവയവമെങ്കിലും മറ്റൊരാളിൽ കൂടി നിലനിൽക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.'- ഇതായിരുന്നു ഭാര്യ ലിൻസിയുടെ മറുപടി. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ ചെറുപ്രായത്തിൽ ഇങ്ങനെയാെരു നിലപാടെടുത്ത യുവതിയെ കണ്ടിട്ടില്ലെന്ന് ഡോക്ടർ ഈശ്വർ പറഞ്ഞു.