കൽപ്പറ്റ: ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സെൽ ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ആവിഷ്‌കരിച്ച 'അരികെ" പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് ഓൺലൈനിൽ നിർവഹിക്കും. വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളും കാട്ടിക്കുളംഗവ.ഹയർ സെക്കൻഡറി സ്‌കൂളുമാണ് പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കുക.
ഓൺലൈൻ പഠനത്തിൽ പ്രയാസമനുഭവിക്കുന്ന 1000 പേർക്ക് ഒന്നാംഘട്ടത്തിൽ മാനസിക പിന്തുണയുമായി അദ്ധ്യാപകർ മെന്റർമാരായി വീടുകളിലേക്ക് എത്തും. ആഴ്ചയിലൊരു ദിവസം കുട്ടികളെ നേരിൽ കണ്ട് പ്രയാസങ്ങൾ പരിഹരിക്കുന്നതിന് ഇടപെടും.

ഉദ്ഘാടനച്ചടങ്ങിൽ ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ഐ. സി. ബാലകൃഷ്ണൻ, അഡ്വ.ടി. സിദ്ദിഖ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.ജീവൻ ബാബു പദ്ധതി വിശദീകരിക്കും. കരിയർ ഗൈഡൻസ് സ്റ്റേറ്റ് കോ കോഡിനേറ്റർ ഡോ.സി.എം. നസീം, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. ലീല, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ വിൽസൺ തോമസ്, ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ പി. പ്രസന്ന, പ്രിൻസിപ്പൽമാരായ പി. പി.ശിവസുബ്രഹ്മണ്യം, പി. സി. തോമസ്, ഹയർ സെക്കൻഡറി ജില്ലാ ജോയിന്റ് കോ ഓർഡിനേറ്റർ കെ.ആർ.ഷിബു എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ കെ എസ് ശ്യാൽ, കരിയർ ഗൈഡൻസ് ജില്ലാ ജോയിന്റ് കോ ഓർഡിനേറ്റർ മനോജ് ജോൺ, വിദ്യാർത്ഥി പ്രതിനിധികളായ കൃഷ്‌ണേന്ദു എൻ.എസ്, ഗായത്രി എസ്. വിനോദ് എന്നിവർ സംസാരിക്കും.