mar

കൽപ്പറ്റ: നഗരസഭയിലെ നവീകരിച്ച മത്സ്യ - മാംസ മാർക്കറ്റ് ജൂലായ് 9ന് തുറക്കും. മൂന്ന് വർഷമായി പൂട്ടികിടക്കുകയായിരുന്നു മാർക്കറ്റ്. 40 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് ഒരുക്കിയിരിക്കുന്നതെന്ന് നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് പറഞ്ഞു.

മത്സ്യം, ഇറച്ചി, കോഴി എന്നിവയ്ക്കായി 19 സ്റ്റാളുകളാണുള്ളത്. മാലിന്യ സംസ്‌കരണത്തിനുള്ള എസ്.ടി.പി പ്ലാന്റ് ഉൾപ്പെടെ പൂർത്തിയാക്കിക്കഴിഞ്ഞു.
നേരത്തെ മാർക്കറ്റ് അടച്ചപ്പോൾ മുഴുവൻ കച്ചവടക്കാരെയും ബൈപ്പാസിനോട് ചേർന്നുള്ള നഗരസഭയുടെ തന്നെ മറ്റൊരു മാർക്കറ്റിലേക്ക് മാറ്റുകയായിരുന്നു. ഇവിടേക്ക് നഗരത്തിൽ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരമുണ്ടെന്നിരിക്കെ പലരും മാർക്കറ്റിലേക്ക് പോകാതായി. അതോടെ കച്ചവടം തീരെ കുറഞ്ഞു. മാസങ്ങൾ കഴിഞ്ഞിട്ടും മെച്ചപ്പെടാതെ വന്നപ്പോൾ പലരും കടകൾ അടച്ചുപൂട്ടാനും നിർബന്ധിതമായിരുന്നു.

മാർക്കറ്റ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ ലോക്ക് ഡൗൺ വന്നതോടെ പണി മുടങ്ങാനിടയായി. പുതിയ ഭരണസമിതി അധികാരത്തിലേറിയ ശേഷം പണി വേഗത്തിലാക്കുകയായിരുന്നു.