മാനന്തവാടി: കൊവിഡ് പ്രതിസന്ധിയിലും കർഷകർക്കായി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തുകയാണ് മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം. മൃഗപരിപാലന രംഗത്തും ക്ഷീരമേഖലയിലും സംസ്ഥാനതലത്തിൽ വിദഗ്ധരായ ഫാക്ക്വൽറ്റികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഓൺലൈൻ പരിശീലന പരിപാടിക്ക് കർഷകരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നൂതനവും ആദായകരവുമായ പശുവളർത്തൽ എന്ന വിഷയത്തിൽ പൂക്കോട് വെറ്റിനറി ആൻഡ് അനിമൽ സയൻസ് അസോ. പ്രൊഫസറായ ഡോ. ജോൺ അബ്രഹാം ക്ലാസ് നയിച്ചു.

ചാണകത്തിലൂടെ വർദ്ധിതവരുമാനം, വെർമി കമ്പോസ്റ്റ് നിർമ്മാണം, വിപണനം എന്നിവയെപറ്റി കാസർകോട് റീജ്യണൽ ഡയറി ലാബ് ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജും കന്നുകാലികളിലെ അകിടുവീക്കം, തൈലേറിയ, മറ്റ് രക്താണു രോഗങ്ങൾ എന്നിവയെപ്പറ്റി സീനിയർ വെറ്റിനറി സർജൻ ഡോ.വി.ആർ താരയും ക്ലാസെടുത്തു. എല്ലാ ശനിയാഴ്ചകളിലും വ്യത്യസ്തമായ വിഷയങ്ങളിൽ ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മിൽമ, കെ.എൽ.ഡി. ബോർഡ് വിദഗ്ധർ ഗൂഗിൾ മീറ്റിലൂടെ പരിശീലനപരിപാടിക്ക് നേതൃത്വം നൽകുമെന്ന് മാനന്തവാടി ക്ഷീരസംഘം ഭാരവാഹികൾ അറിയിച്ചു.