കൽപ്പറ്റ: കൊവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് പ്രകാരം പുനക്രമീകരിച്ച് സി കാറ്റഗറി പ്രദേശങ്ങളിൽപ്പെട്ട കൽപ്പറ്റ നഗരസഭാപരിധിയിൽ പൊതുഗതാഗതം അനുവദിക്കില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.അർവിന്ദ് സുകുമാർ ഐ.പി.എസ് അറിയിച്ചു. ടി.പി.ആർ 12നും 18നും ഇടയിലുള്ള പ്രദേശമാണ് കൽപ്പറ്റ നഗരസഭ. അവശ്യവസ്തുക്കൾ വാങ്ങുന്നതിന് വേണ്ടി മാത്രമേ ആളുകൾ പുറത്തിറങ്ങാൻ പാടുള്ളൂ. കൽപ്പറ്റ ടൗണിൽ അനാവശ്യമായി വാഹനങ്ങളുമായി ഇറങ്ങുന്നവർക്കെതിരെയും, നടക്കുന്നവർക്കെതിരെയും വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കും. നിർദേശലംഘകർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കൽപ്പറ്റയിൽ ശക്തമായ പൊലീസ് പരിശോധന നടത്താൻ പൊലീസിന് നിർദേശം നൽകി. കൊവിഡ് പ്രതിരോധപ്രവർത്തനത്തിൽ ജനം പൂർണമായും സഹകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.