മാനന്തവാടി: അങ്ങനെ ചന്തുവേട്ടന്റെ മോൻ സർക്കാരുദ്യോഗസ്ഥനായി... മാനന്തവാടി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലെ പ്രോസസ് സർവർ ആയിരുന്ന ചന്തുവിന്റെ മകനാണ് സുനിൽകുട്ടൻ. 2003 ഡിസംബർ 18ന് ഹൃദയസ്തംഭനംമൂലം ചന്തു മരണപ്പെടുമ്പോൾ സുനിൽകുട്ടന് 10 വയസ്.
ചന്തുവിന്റെ അകാല വിയോഗത്തോടെ അനാഥമായ കുടുംബം ആശ്രിത നിയമനം സുനിൽ കുട്ടന് മതി എന്ന് തീരുമാനിച്ചു. സുനിൽകുട്ടന് പ്രായപൂർത്തിയാകാൻ അമ്മ വസന്തയും കൂടപിറപ്പുകളും
ബന്ധുക്കളും മാത്രമല്ല, ചന്തു സർവീസിൽ ഉണ്ടായിരുന്ന കോടതിയിലെ ജീവനക്കാരും കൊതിച്ചു. എന്നാൽ പ്രായപൂർത്തിയായപ്പോൾ സുനിൽകുട്ടന് സർക്കാർ ജോലി വേണ്ട. പല ഒഴിവു കഴിവുകൾ പറഞ്ഞ് ജോലിക്ക് ജോയിൻ ചെയ്യാതെ സുനിൽ മുങ്ങിനടന്നു. സർക്കാർ ജോലിയുടെ മഹത്വം പറഞ്ഞ് സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും പലകുറി നിർബന്ധിച്ചു. സുനിൽകുട്ടൻ കുലുങ്ങിയില്ല.
സർക്കാർ ജോലിയിൽ ജോയിൻ ചെയ്യേണ്ട അവസാന തീയതി കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു. ചന്തുവിന്റെ സഹപ്രവർത്തകർ, മാനന്തവാടി കോടതിയിലെ അഭിഭാഷകനായ എം.ആർ മോഹനൻ, ചന്തുവിന്റെ സഹോദരന്റെ മകളുടെ ഭർത്താവ് ബാലകൃഷ്ണൻ തറാട്ട് എന്നിവർ ഒത്തു ചേർന്ന് കൽപ്പറ്റ എം.എ.സി.ടി കോടതിയിൽ പ്യൂൺ ആയി നിയമന ഉത്തരവ് ലഭിച്ച സുനിൽ കുട്ടനെ ജോലിയിൽ ചേർക്കാനുള്ള അവസാന അടവും പയറ്റി. ഒടുവിൽ നിർബന്ധത്തിന് വഴങ്ങി കഴിഞ്ഞ വ്യാഴാഴ്ച ജോയിൻ ചെയ്യാമെന്നേറ്റ സുനിൽ കുട്ടൻ പിന്നെയും ജോയിൻ ചെയ്യാൻ തയ്യാറായില്ല.
സുനിൽ കുട്ടന്റെ പ്രിയപ്പെട്ടവർ ഇക്കാര്യം മാനന്തവാടി സി.ഐ അബ്ദുൾ കരീമിന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തൊണ്ടർനാട് എസ്.ഐ ബിജു ആന്റണിയും, എ.എസ്.ഐ ശ്രീവത്സൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷമീർ തുടങ്ങിയവർ സുനിൽ കുട്ടന്റെ വീട്ടിലെത്തി കാര്യങ്ങൾ വേണ്ടവിധം ധരിപ്പിച്ചു. ഒടുവിൽ വർഷങ്ങളോളം വേണ്ടെന്ന് വെച്ച സർക്കാർ ജോലിയുടെ താക്കോൽ ഏറ്റുവാങ്ങാൻ സുനിൽ തയ്യാറായി. കഴിഞ്ഞ വെളളിയാഴ്ച സുനിൽ കുട്ടൻ സർക്കാർ സർവീസിൽ പ്രവേശിച്ചു. അങ്ങനെ ഏല്ലാവരുടേയും കാത്തിരിപ്പിന് വിരാമമിട്ട് ചന്തുവേട്ടന്റെ മോൻ ഇനി സർക്കാരുദ്യോഗസ്ഥനാണ്.